Wednesday, September 24, 2025

ഡസിപിഎം നേതാക്കൾക്കെതിരായ ശബ്ദരേഖ വിവാദം; ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ സസ്പെൻഡ് ചെയ്തു

തൃശൂർ: സി.പി.എം നേതാക്കളായ എ.സി മൊയ്തീനും എം.കെ കണ്ണനുമെതിരായ ശബ്ദരേഖ വിവാദത്തിൽ ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ സി.പി.എം ജില്ലാ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുതിർന്ന നേതാക്കൾക്കെതിരായ സാമ്പത്തിക ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. ശരതിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ഇന്ന് നടന്ന ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ശരത്തിനെ മാറ്റിയേക്കുമെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്ന് നടന്ന ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം പ്രഖ്യാപിച്ചത്. വിവാദങ്ങളെ തുടർന്ന് ശരത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു, തീരുമാനം ജില്ല സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ജില്ല സെക്രട്ടറിയേറ്റ് ശുപാർശ ചെയ്ത നടപടി സംസ്ഥാന നേതൃത്വം അംഗീകരിക്കുകയായിരുന്നു. ശരത് പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമായിരുന്നു പുറത്തുവന്നത്. തുടർന്ന് ശരത്തിൽ നിന്ന് പാർട്ടി വിശദീകരണം തേടുകയും ചെയ്തു. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ. കപ്പലണ്ടി വിറ്റ് നടന്ന എം.കെ കണ്ണൻ കോടിപതിയാണന്നും എ.സി മൊയ്തീന്റെ ഡീലിങ്സ് ടോപ്പ് ക്ലാസായെന്നുമാണ് ശരത് സംഭാഷണത്തിൽ പറയുന്നത്. പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ തലങ്ങളിൽ ചെറിയ തിരിമറികൾ നടക്കും പോലെയല്ല പാർട്ടി നേതാക്കൾ നടത്തുന്നത് വലിയ ഇടപാടുകളാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റലപ്പള്ളി, പുതുക്കാട് എംഎൽഎ കെ.കെ. രാമചന്ദ്രൻ എന്നിവരുടെ പേരും സംഭാഷണത്തിലുണ്ടായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments