ഗുരുവായൂർ: അത്തംനാളിൽ ഗുരുവായൂരപ്പന്റെ തിരുനടയിലും പൂക്കളം വിടർന്നു. കോവിഡ് കാലമായതിനാൽ മുൻ വർഷങ്ങളെ പോലെ ആർഭാട പൂക്കളമല്ല ഒരുക്കിയിരിക്കുന്നതെന്ന പ്രത്യേകത മാത്രമാണുള്ളത്. എങ്കിലും മികവാർന്ന പൂക്കളം തന്നെയാണ് തീർത്തിരിക്കുന്നത്. മുൻ വർഷങ്ങളിൽ അത്തം മുതൽ ഓണം വരെയുള്ള ദിവസങ്ങളിൽ കണ്ണന്റെ ലീലാവിലാസങ്ങൾ അടക്കമുള്ള കഥാചിത്രങ്ങൾ പൂക്കളുടെ വിസ്മയക്കാഴ്ചകളാണ് തിരുനടയിൽ വിടരുക. പുലർകാലത്ത് നട തുറക്കുന്നതിന് മുമ്പ് പൂക്കളം തീർന്നിട്ടുണ്ടാവും. മണിക്കൂറുകളെടുത്ത് തലേദിവസം തുടങ്ങുന്നതാണ് ഓരോ ദിവസത്തെയും പൂക്കളങ്ങൾ. ഇത്തവണ ഭക്തർക്ക് പ്രവേശന നിയന്ത്രണമുള്ളതിനാൽ ആളുകളുടെ കുറവുണ്ട്.