Wednesday, January 22, 2025

‘പുഷ്പ’ സിനിമയെ അനുകരിച്ച് സഹപാഠികൾ വിദ്യാർഥിയെ നഗ്‌നനാക്കി; ദൃശ്യം പങ്കിട്ടു, 7 പേർക്കെതിരേ പരാതി

പാലാ (കോട്ടയം): ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്ലാസ്മുറിയില്‍ നഗ്‌നനാക്കുകയും അത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുംചെയ്തു. കുട്ടിയുടെ രക്ഷിതാവ് പാലാ പോലീസില്‍ പരാതിനല്‍കി. പാലായിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. പുഷ്പ എന്ന തമിഴ് സിനിമയില്‍ നായകനെ നഗ്‌നനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ അനുകരിച്ച് വീഡിയോ എടുക്കുകയും ഇതിനായി വിദ്യാര്‍ഥിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

ജനുവരി 10-നാണ് ആദ്യമായി കുട്ടിയെ നഗ്‌നനാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വ്യാഴാഴ്ച വീണ്ടും ചെയ്തപ്പോഴാണ് കുട്ടി അധ്യാപികയോട് പരാതിപ്പെട്ടത്. സഹപാഠികളായി ഏഴുപേര്‍ക്കെതിരേയാണ് പരാതി നല്‍കിയത്. ക്ലാസ്മുറിയില്‍ അധ്യാപകരില്ലാത്ത സമയങ്ങളിലായിരുന്നു സംഭവമെന്ന് രക്ഷിതാവ് പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമപരമായ നടപടികളെല്ലാം സ്വീകരിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെ കുട്ടി ക്ലാസ് അധ്യാപികയെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റാഫ് മീറ്റിങ് വിളിച്ചുചേര്‍ത്ത് ഉച്ചകഴിഞ്ഞ് പീഡനത്തിനിരയായ കുട്ടിയുടെയും ഉപദ്രവിച്ച ഏഴുകുട്ടികളുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. കുട്ടികളെ ക്ലാസില്‍നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടിയെടുക്കുകയും ചെയ്യുമെന്ന് രക്ഷിതാക്കളെ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ മാനേജരും നഗരസഭാ കൗണ്‍സിലറുമടങ്ങുന്ന എത്തിക്സ് കമ്മിറ്റി വിളിച്ചുചേര്‍ക്കുകയും കര്‍ശനനടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരെയും വിദ്യാഭ്യാസ അധികൃതരെയും വിവരമറിയിക്കുകയുംചെയ്തു. പരാതി പോലീസിനും നല്‍കി. തങ്ങള്‍ പറഞ്ഞപ്പോഴാണ് രക്ഷിതാവ് ഇക്കാര്യമറിഞ്ഞതെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ആരോപണത്തില്‍ മന്ത്രി വീണാജോര്‍ജ് വനിതാ ശിശുവികസനവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. കുട്ടിക്ക് അടിയന്തര കൗണ്‍സലിങ് നല്‍കുവാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് കോട്ടയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് പാലാ എസ്.എച്ച്.ഒ.യ്ക്ക് ഉത്തരവ് നല്‍കിയതായും കമ്മിറ്റി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments