ഗുരുവായൂർ: പടിഞ്ഞാറെ നടയിലെ ഹോട്ടൽ ഉടമ തുളസിത്തറയെ അധിക്ഷേപിച്ച സംഭവത്തിൽ ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ചിൽ എസ്.ഡി.പി.ഐക്കെതിരെ മുദ്രാവാക്യം മുഴക്കി ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുകയാണെന്ന ആരോപണവുമായി എസ്.ഡി.പി.ഐ രംഗത്ത്. ഈ സംഭവത്തിൽ യാതൊരു ബന്ധവുമില്ലാത്ത എസ്.ഡി.പി.ഐക്കെതിരെ പരസ്യമായി പൊതുസമൂഹത്തിന് മുന്നിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പാർട്ടിയെ പൊതു സമൂഹത്തിന് മുൻപിൽ ഇകഴ്ത്തിക്കാട്ടി പ്രകോപനം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. സംഭവത്തിൽ ആരോപണ വിധേയനായ മാനസിക വൈകല്യമുള്ള വ്യക്തി എസ്.ഡി.പി.ഐ പ്രവർത്തകനോ അനുഭാവിയോ അല്ലെന്നിരിക്കെ പാർട്ടിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി ഡോ. സക്കീർ ഹുസൈൻ പോലീസിൽ പരാതി നൽകി. എസ്.ഡി.പി.ഐ ജോയിന്റ് സെക്രട്ടറി ഷെഫീദ് ബ്ലാങ്ങാട്, ചാവക്കാട് മുൻസിപ്പൽ പ്രസിഡന്റ് ഫാമിസ് അബൂബക്കർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ബി.ജെ.പി നേതാക്കൾ എസ്.ഡി.പി.ഐക്കെതിരെ നടത്തിയ മുദ്രാവാക്യമടങ്ങിയ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും ഒരു തരത്തിലും ഈ വിഷയത്തിൽ കക്ഷിയല്ലാത്ത എസ്.ഡി.പി.ഐയെ വീഡിയോ പ്രചരിപ്പിച്ച് സമൂഹത്തിൽ അപമതിപ്പ് സൃഷ്ടിക്കാൻ ശ്രമിച്ച മുഴുവൻ പേർക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ നേതാക്കൾ ആവശ്യപ്പെട്ടു.