കൊച്ചി: മെഗാ ഭരതനാട്യം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കുമെന്ന സൂചനകള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ കൊച്ചി വിമാനത്താവളം വഴിയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. ഏറെക്കാലമായി അമേരിക്കയില്‍ കഴിയുന്ന താരം ഭരതനാട്യം പരിപാടിക്കായാണ് കൊച്ചിയിലെത്തിയത്.
പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന രീതിയിലാണ് നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയെ മൃദംഗവിഷന്‍ സംഘാടകര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മൊഴിയെടുക്കാന്‍ ദിവ്യ ഉണ്ണിയെ വിളിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. അതിനിടെയാണ് ദിവ്യ ഉണ്ണി കേരളം വിട്ടത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പുര്‍ വഴിയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്.
ദിവ്യ ഉണ്ണി പങ്കെടുക്കുന്ന പരിപാടി എന്ന നിലയ്ക്കാണ് പല രക്ഷിതാക്കളും മക്കളെ അയച്ചത്. കലൂര്‍ സ്റ്റേഡിയത്തില്‍വെച്ച് നടത്തിയ നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് നാല് പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മൃദംഗവിഷന്‍ ഡയറക്ടര്‍ നിഗോഷ്, ഭാര്യ, സിഇഒ ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ എന്നിവര്‍ക്കെതിരേയാണ് കേസ്. വിശ്വാസവഞ്ചനയ്ക്കാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്. കലൂര്‍ സ്വദേശി ബിജിയുടെ പരാതിയിലായിരുന്നു കേസെടുത്തത്. പരിപാടിക്കായുള്ള സാമ്പത്തിക ഇടപാട് നടത്തിയ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക ചൂഷണത്തില്‍ ഡാന്‍സ് ടീച്ചര്‍മാരെയും പ്രതിചേര്‍ത്തേക്കുമെന്നാണ്. നൃത്താധ്യാപകര്‍ വഴിയായിരുന്നു പണപ്പിരിവ് നടത്തിയിരുന്നത്. ഇടനിലക്കാര്‍ എന്ന നിലയിലാണ് ഡാന്‍സ് ടീച്ചര്‍മാര്‍ക്കെതിരേ നടപടി എടുക്കുക. കൂടുതല്‍ പരാതികള്‍ കിട്ടിയാല്‍ അതിനനുസരിച്ച് കേസെടുത്തേക്കുമെന്നാണ് വിവരം. പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായും അല്ലാതെയും സംഘാടകര്‍ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. പരിപാടിക്കായി 2000 രൂപയും പിന്നീട് വസ്ത്രത്തിനായി 1600 രൂപയും വാങ്ങി. കൂടാതെ ഗിന്നസ് റെക്കോഡ് ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയില്‍ സംഘാടകര്‍ റെക്കോഡ് വേദിയില്‍ ഏറ്റുവാങ്ങിയെങ്കിലും നൃത്തത്തില്‍ പങ്കെടുത്തവര്‍ക്ക് ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് സമ്മാനങ്ങളൊന്നും നല്‍കിയില്ലെന്നും പരാതിയിലുണ്ട്.