പിടിയിലായ സത്യനായ്ക്, ആശ പ്രമോദ് ലിമ, അസന്തി താക്കൂർ
കൊച്ചി: ആലുവയിൽ വൻ കഞ്ചാവ് വേട്ട. ബാഗുകളിലാക്കി കടത്താൻ ശ്രമിച്ച 35 കിലോ കഞ്ചാവാണ് ഡാൻസാഫ് ടീമും പോലീസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഒഡിഷ റായഗന്ധ സ്വദേശികളായ സത്യനായ്ക്, ആശ പ്രമോദ് ലിമ, അസന്തി താക്കൂർ എന്നിവരാണ് പിടിയിലായത്. ട്രെയിൻ മാർഗമാണ് ഇവർ കഞ്ചാവ് നിറച്ച പെട്ടികളുമായി ആലുവയിൽ എത്തിയത്. പുലർച്ചെ രണ്ടിന് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. ഒഡീഷയിൽനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. ഇതിനു മുമ്പും സംഘം സമാനരീതിയിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.
ആലുവ റൂറൽ ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നംഗസംഘം പിടിയിലായത്. നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി.പി.ഷംസ്, ആലുവ ഡിവൈഎസ്പി റ്റി.ആർ.രാജേഷ്, ഇൻസ്പെക്ടർ എ.എൽ.അഭിലാഷ്, ഡാൻസാഫ് ടീം, ആലുവ പോലീസ് എന്നിവരാണ് പരിശോധന നടത്തിയത്.