തൃശൂർ: ദിവസങ്ങള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ വയനാടും ചേലക്കരയും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴുമണിക്കു തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന വയനാട്ടിലെ മത്സരം കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധിയെത്തിയതോടെ ദേശീയശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
16 സ്ഥാനാർഥികളാണ് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ഏഴുമണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണുള്ളത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണുള്ളത്. ഉപതിരഞ്ഞെടുപ്പ് ബാലറ്റിൽ ഒന്നു മുതൽ മൂന്നു വരെയാണ് മുന്നണി സ്ഥാനാർഥികൾ. ഒന്ന് – യു.ആർ. പ്രദീപ് (ചുറ്റിക അരിവാൾ നക്ഷത്രം), രണ്ട് – കെ. ബാലകൃഷ്ണൻ (താമര), മൂന്ന് – രമ്യാ ഹരിദാസ് (കൈ) എന്നിങ്ങനെയാണ് മുന്നണി സ്ഥാനാർഥികളുടെ ചിഹ്നം. തുടർന്ന് സ്വതന്ത്രസ്ഥാനാർഥികളാണ്. നാല്- ലിൻഡേഷ് കെ.ബി.(മോതിരം), അഞ്ച്-സുധീർ എൻ. കെ. (ഓട്ടോറിക്ഷ), ആറ്-ഹരിദാസൻ (കുടം).