കുന്നംകുളം: നടൻ വി.കെ ശ്രീരാമന്റെ ചെറുവത്താനിയിലെ വീട്ടിൽ സൗഹൃദ സന്ദർശനം നടത്തി മെഗാ സ്റ്റാർ മമ്മൂട്ടി. ഭാര്യ സുൽഫത്തുമൊന്നിച്ചായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം. ഗുരുവായൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മമ്മൂട്ടിയും ഭാര്യയും ശ്രീരാമൻ്റെ വീട്ടിലെത്തിയത്. സിനിമയിലുപരി ശ്രീരാമനുമായി ഏറെ സൗഹൃദം നിലനിർത്തുന്ന മമ്മൂട്ടി വി.കെ ശ്രീരാമൻ നേതൃത്വം നൽകുന്ന ഞാറ്റുവേല എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗം കൂടിയാണ്. ഈ കൂട്ടായ്മയുടെ പരിപാടികളിൽ മമ്മൂട്ടി സജീവ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം കുന്നംകുളത്ത് വച്ച് നടന്ന വി.കെ ശ്രീരാമന്റെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ മമ്മൂട്ടി എത്തുമെന്ന് കരുതിയിരുന്നു. എന്നാൽ അദ്ദേഹത്തിന് എത്താൻ അന്ന് കഴിഞ്ഞിരുന്നില്ല. ഇതുകൂടി കണക്കിലെടുത്താണ് ഈ വഴി പോകുമ്പോൾ മറക്കാതെ മമ്മൂട്ടി സൗഹൃദം പുതുക്കാൻ ചെറുവത്താനിയിലെ വീട്ടിലേക്ക് ഓടിയെത്തിയത്. സൗഹൃദ സംഭാഷണങ്ങളുമായി രണ്ടുമണിക്കൂറോളം വീട്ടിൽ ചെലവഴിച്ചാണ് മമ്മൂട്ടിയും സുൽഫത്തും ഇവിടെ നിന്നും മടങ്ങിയത്.