Thursday, November 14, 2024

ചാവക്കാട്ടെ ക്ഷേത്രങ്ങളിലെ കവർച്ച; പ്രതി അറസ്റ്റിൽ

ചാവക്കാട്: പുന്ന ക്ഷേത്രത്തിലും മണത്തല നരിയമ്പുള്ളി ക്ഷേത്രത്തിലും കവര്‍ച്ച
നടത്തിയ അന്തര്‍ ജില്ലാ മോഷ്ടാവ് മല്ലാട് പുതുവീട്ടില്‍ മരപ്പട്ടി മനാഫ് എന്ന മനാഫ് (45) ആണ് അറസ്റ്റിലായത്. വടക്കേക്കാട് നടന്ന മോഷണങ്ങളുടെ അന്വേഷ്ണത്തിനിടയിലാണ് മനാഫിനെ വടക്കേക്കാട് പോലീസ് പിടിക്കൂടിയത് വടക്കേകാടും ചാവക്കാടും സമാന രീതിയിലുള്ള കവര്‍ച്ചകളാണ് നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ചാവക്കാട് പുന്ന അയ്യപ്പ ക്ഷേത്രത്തിലും, നരിയമ്പുള്ളി ക്ഷേത്രത്തിലും പഞ്ചലോഹ വിഗ്രഹവും സ്വര്‍ണ്ണ കിരീടവും ഉള്‍പ്പെടെ സമാന രീതിയില്‍ ഉള്ള മോഷണം നടന്നത്. ഇരുപത്തിയഞ്ചോളം മോഷണകേസിലെ പ്രതിയാണ് അന്തര്‍ ജില്ലാ മോഷ്ടാവ് മരപ്പട്ടി മനാഫ് . ഈ മാസം 13ാം തീയതി ആല്‍ത്തറ ഗോവിന്ദപുരം ക്ഷേത്രത്തിലെ മോഷണം നടന്നതിനെ തുടര്‍ന്ന് വടക്കേക്കാട് പോലീസ് കേസ്സെടുത്ത് അന്വേഷണം വ്യപിപ്പിച്ചിരുന്നു. അന്നേ ദിവസം തന്നെ നാലപ്പാട്ട് റോഡിലുള്ള വീട്ടില്‍ നിന്നും ഒരു മോട്ടോര്‍ സൈക്കിളും ആറ്റുപുറത്ത് നിന്ന് ഒരു സൈക്കിളും മോഷണം നടന്നിരുന്നു. ഗോവിന്ദപുരം ക്ഷേത്രത്തിലെ സി സി ടി വിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ മാസ്‌കും ഗ്ലൗസും ധരിച്ചിരുന്ന ആള്‍ എന്ന് മാത്രമേ വിവരം ലഭിച്ചിരുന്നുള്ളു. പിന്നീട് വടക്കേക്കാട് പോലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് 200 ഓളം ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആറ്റുപുറത്ത് നിന്നും സൈക്കിള്‍ മോഷ്ടിച്ച ശേഷം ഗോവിന്ദപുരം ക്ഷേത്രത്തിലെത്തി ഗോളകയും ദണ്ഡാരങ്ങള്‍ കുത്തി തുറന്ന് പണവും മോഷ്ടിച്ച ശേഷം സൈക്കിളില്‍ നാലപ്പാട്ട് റോഡിലെ എടക്കാട്ട് വീട്ടില്‍ ബാബുവിന്റെ വീട്ടില്‍ സൈക്കിള്‍ ഉപേക്ഷിച്ച ശേഷം അവിടെ ഉണ്ടായിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് തെക്കിനേടത്തു പടി വഴി മല്ലാട് ഭാഗത്തേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. മൊബൈര്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ പ്രതിയിലേക്കെത്താന്‍ കഴിയുമായിരുന്നില്ല.ഇതിനിടയില്‍ ആണ്. ചാവക്കാട് തിങ്കളാഴ്ച കവര്‍ച്ച നടക്കുന്നത്.ഈ വിവരം അറിഞ്ഞ് വടക്കേക്കാട് എസ് എച്ച് ഒ യുടെ നേതൃത്വത്തില്‍ ഉള്ള സംഘം പുന്ന ക്ഷേത്രത്തിലും നരിയമ്പുള്ളി ക്ഷേത്രത്തിലും എത്തി പരിശോധന നടത്തുകയും ചെയ്തു. ആല്‍ത്തറ ഗോവിന്ദപുരം ക്ഷേത്രത്തില്‍ നടന്ന സമാന സ്വഭാവമുള്ള മോഷണങ്ങളാണ് ചാവക്കാട് നടന്നിട്ടുള്ളത് എന്ന് മനസ്സിലാക്കിയ വടക്കേക്കാട് പോലീസ് മനാഫിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. രണ്ടു സംഘങ്ങളായി ഇരിങ്ങാലക്കുടയിലേക്ക് പോകുകയും ഒളിവില്‍ കഴിയുകയായിരുന്ന മനാഫിനെ വാടക വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന നരിയമ്പുള്ളി ക്ഷേത്രത്തിലെ വിഷ്ണുമായ വിഗ്രഹവും സ്വര്‍ണ്ണ കിരീടവും ഉള്‍പ്പെടെയുള്ള മോഷണ മുതലുകള്‍ പോലീസ് കണ്ടെടുത്തു. ഗോവിന്ദപുരം ക്ഷേത്രത്തിലെ വെള്ളി ഗോളക ഉരുക്കിയ രൂപത്തിലും ദണ്ഡാരത്തിലെ പണവും പോലീസിന് ലഭിച്ചു. പെരുമ്പടപ്പ് കാട്ടുമാഠം ക്ഷേത്രത്തിലെ മോഷണ കേസില്‍ അറസ്റ്റില്‍ ആയി ജൂണ്‍ മാസത്തോടെ പുറത്തിറങ്ങിയ ശേഷം രാത്രി കാലങ്ങളില്‍ ചാവക്കാട് വടക്കേക്കാട് ഭാഗങ്ങളില്‍ മോഷണം നടത്തിയ ശേഷം പകല്‍ സമയം ഇരിങ്ങാലക്കുടയില്‍ ഒളിവില്‍ താമസിക്കുകയാണ് ചെയ്തിരുന്നത്. ക്ഷേത്രമോഷണങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ യുടെ നിര്‍ദ്ദേശ പ്രകാരം ഗുരുവായൂര്‍ എസി പി ബിജു എം കെ യുടെ മേല്‍നോട്ടത്തില്‍ വടക്കേക്കാട് എസ് എച്ച് ഒ ആനന്ദ് കെ പി , എസ് ഐ മാരായ ഗോപിനാഥന്‍ സി എന്‍ , സുധീര്‍ പി എ , യൂസ്ഫ് കെ എ, സാബു പി എസ്, എ എസ് ഐ രാജന്‍ , സി പി ഒ സതീഷ് ചന്ദ്രന്‍ ,റോബര്‍ട്ട്, ഹരി, രതീഷ് കുമാര്‍, സൈബര്‍ പോലീസ് സ്‌റ്റേഷന്‍ സി പി ഒ നിഥിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസ്സുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് മരപ്പട്ടി മനാഫ് . കോടതി യില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments