വാടാനപ്പള്ളി: മലിന ജലം സംസ്ക്കരിക്കാതെ പൊതു കാനയിലേക്ക് ഒഴുക്കിയ സംഭവത്തിൽ ഗുരുവായൂർ ടിഫിൻ റെസ്റ്റോറന്റ് വലപ്പാട് പഞ്ചായത്ത്, ആരോഗ്യ വിഭാഗം അധികൃതർ അടച്ചുപൂട്ടിച്ചു. മുൻ എം.എൽ.എ സി.സി മുകുന്ദന്റെ പി.എ ആയിരുന്ന അസ്ഹർ മജീദ് ഗ്രാമപഞ്ചായത്തിലേക്ക് സമർപ്പിച്ച പരാതിയിലാണ് നടപടി. ശരിയായ രീതിയിൽ അഴുക്ക് വെള്ളം സംസ്ക്കരിക്കാതെ പൊതു കാനയിലേക്ക് ഒഴുക്കുകയും, ഇതുമൂലം കാന നിറഞ്ഞ് ദുർഗന്ധം വമിച്ചതോടെ നിരവധി തവണ രേഖാമൂലം അറിയിച്ചിട്ടും ഹോട്ടൽ അധികൃതർ പരിഹാരം കണ്ടില്ല. ഇതോടെ വലപ്പാട് പഞ്ചായത്ത് സെക്രട്ടറി ബിന്ദു, അസി.സെക്രട്ടറി ഐ.എസ്. വേണുഗോപാൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായര സി.എസ് ഉണ്ണികൃഷ്ണൻ, എം.ബി ബിനോയ്, പി.ആർ കീർത്തന,രോഹിണി എന്നിവർ തലത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു. പഞ്ചായത്ത് / പൊതുജനാരോഗ്യ നിയമം പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുവാൻ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് സെക്രട്ടറി അറിയിച്ചു. ലൈസൻസ്, മലിന ജല സംസ്ക്കരണ ടാങ്ക്, കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ്, പുകയില നിരോധന ബോർഡ് എന്നിവ പരിശോധന സമയത്ത് ലഭ്യമാക്കുവാൻ സ്ഥാപന ഉടമകൾ തെയ്യാറാകണമെന്നും പിഴ ഉൾപ്പെടെയുള്ള നടപടി ഇനിയും തുടരുമെന്നും സെക്രട്ടറി അറിയിച്ചു. പരിശോധനയ്ക്ക് പഞ്ചായത്ത്, ആരോഗ്യവിഭാഗങ്ങൾ എന്നിവർ നേതൃത്വം നൽകി
