കുന്നംകുളം: റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഗായത്രിക്ക് ഇരട്ട സ്വർണ്ണം. സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ലോംഗ് ജമ്പിലും 80 മീറ്റർ ഹാർഡിൽസിലുമാണ് എങ്ങണ്ടിയൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി എൻ.ജി ഗായത്രിക്ക് സ്വർണം കരസ്ഥമാക്കിയത്. കഴിഞ്ഞ മൂന്നുവർഷമായി കണ്ണൻ മാസ്റ്ററുടെ കീഴിലാണ് കായിക പരിശീലനം നടത്തുന്നത്. അച്ഛൻ ഗണേഷിന്റെയും അമ്മ അനുവിന്റെയും അദ്ധ്യാപകരുടെയും പിന്തുണയിൽ സംസ്ഥാനമേളയിലും സ്വർണം അണിയാമെന്ന ആത്മവിശ്വാസത്തിലാണ് ഗായത്രി. രണ്ടുവർഷം തുടർച്ചയായി ജില്ലാ കായികമേളയിൽ സ്വർണം നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി.