തൃശൂർ: കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐക്ക് മികച്ച വിജയം. കഴിഞ്ഞ വർഷം വോട്ടെണ്ണൽ വിവാദത്തിലായ കേരളവർമ കോളേജിൽ മുഴുവൻ ജനറൽ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു. ഇംഗ്ലീഷ് അസോസിയേഷൻ നറുക്കെടുപ്പിലൂടെ കെ.എസ്.യു നേടി. പല കോളേജുകളിലും ജനറൽസീറ്റുകളിലേക്ക് കൂടുതൽ പെൺകുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കേരളവർമ കോളേജിലെ എട്ട് ജനറൽസീറ്റുകളിൽ ആറും പെൺകുട്ടികളാണ് വിജയിച്ചത്. ശ്രീവിവേകാനന്ദയിൽ ആറ് ജനറൽ സീറ്റുകളിൽ പെൺകുട്ടികളാണ് ജയിച്ചത്.
22 കൊല്ലത്തിനുശേഷം കുന്നംകുളം ശ്രീവിവേകാനന്ദ കോളേജിൽ വൈസ് ചെയർമാനൊഴികെയുള്ള മുഴുവൻ ജനറൽ സീറ്റുകളും എ.ബി.വി.പി.യിൽനിന്ന് എസ്.എഫ്.ഐ. പിടിച്ചെടുത്തു. തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജ് യൂണിയനും എസ്.എഫ്.ഐ. തിരിച്ചുപിടിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലും പഴഞ്ഞി എം.ഡി. കോളേജിലും മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ. എതിരില്ലാതെ വിജയിച്ചു.
കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കര (ഐ.എച്ച്.ആർ.ഡി., പഴയന്നൂർ) യൂണിയൻ കെ.എസ്.യു. നേടി. സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ എസ്.എഫ്.ഐ വിജയിച്ചിരുന്നു. 18 വർഷത്തിനുശേഷം ആദ്യമായാണ് കെ.എസ്.യു.വിന് ഇവിടെ യൂണിയൻ ലഭിക്കുന്നത്. പാവറട്ടി സെൻ്റ് ജോസഫ്സ് ആർട്സ് കോളേജും കെ.എസ്.യു-എം.എസ്.എഫ് സഖ്യം പിടിച്ചെടുത്തു. തൃശ്ശൂർ ഗവ. ലോ കോളേജിൽ ആകെയുള്ള ഒൻപത് ജനറൽ സീറ്റുകളിൽ ആറെണ്ണം എസ്.എഫ്.ഐ നേടി. മൂന്നു സീറ്റ് കെ.എസ്.യുവിന് ലഭിച്ചു. 12 വർഷമായി എസ്.എഫ്.ഐ ഭരിക്കുന്ന മദർ കോളേജ് എം.എസ്.എഫ്. മുന്നണി നേടി.
ഒല്ലൂർ ഗവ.കോളേജ്, കുട്ടനെല്ലൂർ ഗവ.കോളേജ്, വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ്. കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, എൽത്തുരുത്ത് സെയ്ന്റ് അലോഷ്യസ് കോളേജ്, നാട്ടിക എസ്.എൻ. കോളേജ്, ശ്രീനാരായണഗുരു കോളേജ്, വലപ്പാട് ഐ.എച്ച്.ആർ.ഡി. കോളേജ്, മുളങ്കുന്നത്തുകാവ് കില കോളേജ്, കൊടുങ്ങല്ലൂർ അസ്മാബി കോളേജ്, തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജ്, നാട്ടിക എസ്.എൻ. കോളേജ്, എറിയാട് ഐ.എച്ച്.ആർ.ഡി., വഴുക്കുംപാറ എൻ.എൻ.ജി.സി., ചേലക്കര ആർട്സ് കോളേജ് എന്നിവിടങ്ങളിലും എസ്.എഫ്.ഐ. വിജയിച്ചു. പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ.കോളേജിൽ യു.യു.സി. സീറ്റ് എം.എസ്.എഫും ചാലക്കുടി പനമ്പിള്ളി സ്മാരക സർക്കാർ കോളേജിൽ യു.യു.സി. സീറ്റ് കെ.എസ്.യു.വും നേടി.
ജില്ലയിൽ രാഷ്ട്രീയാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പുനടന്ന 29-ൽ 26 കോളേജുകളിലും എസ്.എഫ്.ഐ. യൂണിയൻ സ്വന്തമാക്കിയതായി ജില്ലാ നേതാക്കൾ അവകാശപ്പെട്ടു.