ന്യൂഡൽഹി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു.നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ എയിംസിലെ അടിയന്തരപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ജെ.എന്‍.യു കാലമാണ് യെച്ചൂരിയിലെ രാഷ്ട്രീയക്കാരനെ പാകപ്പെടുത്തിയത്. പടിപടിയായി ഉയര്‍ന്ന് രാജ്യം ശ്രദ്ധിക്കുന്ന ശബ്ദമായും മികച്ച പാര്‍ലമെന്റേറിയനായും പേരെടുത്തു. 2015 ലാണ് പാര്‍ട്ടിയുടെ അമരത്തെത്തുന്നത്. 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും പാര്‍ട്ടി തിരഞ്ഞെടുത്തത്. 1992 മുതല്‍ പി.ബി അംഗമാണ്. 2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. കമ്യൂണിസ്റ്റ് ധാരയിലെ പ്രായോഗികവാദിയായി വിലയിരുത്തപ്പെടുന്ന യെച്ചൂരിയായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരില്‍ പലപ്പോഴും കോണ്‍ഗ്രസും-സിപിഎമ്മുമായുള്ള പാലമായി പ്രവര്‍ത്തിച്ചത്
1974-ല്‍ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം ഒരു വര്‍ഷത്തിനുശേഷം സിപിഎമ്മില്‍ അംഗമായി. ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി ആയിരിക്കെ അടിയന്തരാവസ്ഥക്കെതിരേ ചെറുത്തുനില്‍പ്പ് നടത്തിയതിന് 1975-ല്‍ അറസ്റ്റിലായി. അടിയന്തരാവസ്ഥക്കുശേഷം 1977- 78 കാലഘട്ടത്തില്‍ മൂന്നുതവണ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. ജെഎന്‍യുവില്‍ ഇടതുകോട്ട കെട്ടിപ്പടുക്കുന്നതില്‍ പ്രകാശ് കാരാട്ടിനൊപ്പം നിര്‍ണായക പങ്കുവഹിച്ചു. ’78ല്‍ എസ്.എഫ്.ഐ. അഖിലേന്ത്യാ ജോ. സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി.
ഇടതുവിദ്യാര്‍ഥിസംഘടനകള്‍ക്ക് ശക്തമായ വേരോട്ടമുള്ള ജെ.എന്‍.യു. അടിയന്തരാവസ്ഥക്കാലത്ത് തിളച്ചുമറിഞ്ഞു. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടശേഷം ’77ല്‍ ആദ്യമായിനടന്ന വിദ്യാര്‍ഥിയൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ. നേതാവ് (ഇന്നത്തെ എന്‍.സി.പി. ദേശീയനേതാവ്) ഡി.പി.ത്രിപാഠി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് യെച്ചൂരിയും ജെ.എന്‍.യു.വിലെ വിദ്യാര്‍ഥിനേതാവായിരുന്നു. മികച്ച പ്രാസംഗികന്‍കൂടിയായ യെച്ചൂരി തൊട്ടടുത്ത വര്‍ഷം പ്രസിഡന്റായി. ’78’79 കാലയളവില്‍ നടന്ന മൂന്നു തിരഞ്ഞെടുപ്പിലും യെച്ചൂരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
അടിയന്തരാവസ്ഥയ്ക്കു ശേഷം ’77ല്‍ പാര്‍ട്ടി ആസ്ഥാനം കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കു മാറ്റി. യെച്ചൂരി അന്നു പാര്‍ട്ടിയില്‍ പ്രബലനായ ബി.ടി.രണദിവെയുടെ സഹായിയും. ഡല്‍ഹികേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച യെച്ചൂരിയിലെ നേതാവിനെ കണ്ടെത്തിയതും വളര്‍ത്തിക്കൊണ്ടുവന്നതും ബസവ പുന്നയ്യയായിരുന്നു. യെച്ചൂരിയെയും സി.പി.എം. കേന്ദ്രനേതൃത്വത്തിലേക്കു കൈപിടിച്ചുയര്‍ത്തിയാവട്ടെ, സാക്ഷാല്‍ ഇ.എം.എസ്സും. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ ആളെത്തരണമെന്ന് ഇ.എം.എസ്. സംസ്ഥാനങ്ങളോട് നിരന്തരമാവശ്യപ്പെട്ടിരുന്നു. യുവരക്തങ്ങളെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ ഇ.എം.എസ്. മുന്‍കൈയെടുത്തപ്പോള്‍ ’84ല്‍ കാരാട്ടും യെച്ചൂരിയും കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാക്കളായി. ’85ലെ 12ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടിനും എസ്.രാമചന്ദ്രന്‍ പിള്ളയ്ക്കുമൊപ്പം യെച്ചൂരിയും കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു..