ചാവക്കാട്: സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിങ് നിരോധനം അവസാനിച്ചു. ബുധൻ അർധരാത്രിയോടെ കടലിൽ ബോട്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ നീക്കി. ഇതിനിടെ മോശം കാലാവസ്ഥ മേഖലയിൽ ആശങ്ക പരത്തിയിട്ടുണ്ട്. നാലാം തീയതിവരെ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്. ട്രോളിങ് സമയത്ത് ബോട്ട് അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങളാണ് ബോട്ടുടമകൾ ചെലവഴിച്ചത്. പലരും കടം വാങ്ങിയും വായ്പയെടുത്തുമാണ് പണികൾ തീർത്തത്. നിരോധനത്തിനുശേഷം ലഭിക്കുന്ന ചാകരയിലാണ് പ്രതീക്ഷ. കാലാവസ്ഥ കനിഞ്ഞാൽ മൽസ്യലഭ്യത വർധിക്കുമെന്നാണ് ബോട്ടുടമകൾ കരുതുന്നത്