Friday, September 20, 2024

മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്കിടിച്ച് തകർത്ത് അമ്മ; പരിക്കേറ്റ 59-കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍, മർദ്ധിച്ചതിന് അമ്മക്കെതിരെ കേസ്

പത്തനംതിട്ട: വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ വയോധികന് പെണ്‍കുട്ടിയുടെ അമ്മയുടെ മര്‍ദനം. പത്തനംതിട്ട ഏനാത്താണ് സംഭവം. അടൂരിലെ ഒരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിക്കു നേര്‍ക്ക് ബസില്‍വെച്ചായിരുന്നു തെങ്ങമം സ്വദേശി രാധാകൃഷ്ണ പിള്ളയുടെ (59) അതിക്രമം. ഇയാള്‍ പെണ്‍കുട്ടിയെ മോശം ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഇയാളുടെ മുഖത്ത് അടിച്ചു. അടിയേറ്റ് രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലം പൊട്ടി.

സ്‌കൂള്‍ കഴിഞ്ഞ് ബസില്‍ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് വിദ്യാര്‍ഥിനിക്ക് ദുരനുഭവമുണ്ടായത്. ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ രാധാകൃഷ്ണ പിള്ള പിന്തുടരുകയും ചെയ്തു. തുടര്‍ന്ന് ബസിറങ്ങിയ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ വിളിച്ച് അമ്മയോട് കാര്യം പറഞ്ഞു. വീട് സമീപത്ത് തന്നെയായതിനാല്‍ അമ്മ സ്ഥലത്തേക്ക് ഓടിയെത്തി. ഈ സമയം ഒരു കടയില്‍ കയറി നില്‍ക്കുകയായിരുന്നു രാധാകൃഷ്ണ പിള്ള.

തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും ഇയാളുടെ അടുത്തെത്തി കാര്യം ചോദിച്ചു. എന്നാല്‍ ഈ സമയം പെണ്‍കുട്ടിയുടെ അമ്മയോട് രാധാകൃഷ്ണപിള്ള തട്ടിക്കയറി. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മ രാധാകൃഷ്ണന്റെ മുഖത്തടിച്ചത്. തുടര്‍ന്ന് ഇയാളുടെ മുഖത്തുനിന്ന് ചോര പൊടിഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോഴാണ് മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടെന്ന് വ്യക്തമായത്. അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പോക്‌സോ വകുപ്പ് ചേര്‍ത്ത് രാധാകൃഷ്ണപിള്ളയെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് (ശനിയാഴ്ച) കോടതിയില്‍ ഹാജരാക്കുമെന്ന് ഏനാത്ത് പോലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments