തൃശൂർ: കനത്ത മഴയിൽ നഗരത്തിലെ പലയിടങ്ങളിലും രൂപപ്പെട്ടത് വലിയ വെള്ളക്കെട്ട്. വടക്കേ സ്റ്റാൻഡിന് സമീപത്തെ റോഡുകളിലും സ്വരാജ് റൗണ്ടിലും കൊക്കാലയിലും പൂങ്കുന്നത്തും വെള്ളക്കെട്ട് ജനജീവിതത്തെ ദുസ്സഹമാക്കി. തൃശ്ശൂർ അശ്വിനി ആശുപത്രിയിലും നേരിയതോതിൽ വെള്ളം കയറി. തൃശൂർ വടക്കേചിറയ്ക്ക് സമീപമുള്ള സിറ്റി പോസ്റ്റ് ഓഫീസിലും വെള്ളം കയറി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പോസ്റ്റ് ഓഫീസിൽ വെള്ളം കയറിയത്. ഇതോടെ ഓഫീസ് പ്രവർത്തനങ്ങൾ താളം തെറ്റി. തൃശ്ശൂർ -കുന്നംകുളം റോഡിൽ വൻ ഗതാഗത തടസ്സമാണ് രൂപപ്പെട്ടിട്ടുള്ളത്.
ശങ്കരയ്യ റോഡിലും, പൂത്തോളിലും കൊക്കാലെയിലും സ്ഥിതി വ്യത്യസ്തമല്ല. രാവിലെ എട്ടുമണിയോടെ ആരംഭിച്ച കനത്ത മഴയക്കും ഇടിമിന്നലിനും രണ്ടുമണിക്കൂറിന് ശേഷം അല്പം ശമനം വന്നെങ്കിലും തുടരുകയാണ്. ജില്ലയിലെ തീരദേശ മേഖലയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.