Friday, November 22, 2024

വരള്‍ച്ചാ പ്രതിരോധം: പ്രത്യേക ടാസ്‌ക് ഫോഴ്‌സ് നിരീക്ഷിക്കും; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി

തൃശൂർ: കടുത്ത വേനല്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ജലസേചനം, വാട്ടര്‍ അതോറിറ്റി, തൊഴില്‍ വകുപ്പുകളിലെ അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സിന്റെ സാന്നിധ്യത്തിലും ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജയുടെ അധ്യക്ഷതയിലും ചേമ്പറില്‍ ചേര്‍ന്ന വരള്‍ച്ചാ മുന്നൊരുക്കവുമായി ബന്ധപ്പെട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. 

പീച്ചി ഡാമില്‍ നിന്നും തുറന്നുവിട്ട ജലം കൃത്യമായി കുടിവെള്ളം, കൃഷി എന്നീ ആവശ്യങ്ങള്‍ക്ക് എത്തുന്നുണ്ടെന്ന് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സ് ഉറപ്പാക്കണം. ഡാമില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് ദിവസേന നിരീക്ഷിക്കണം. എന്തെങ്കിലും തരത്തിലുള്ള തടസമോ ചോർച്ച യോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ പരിഹാര നടപടി സ്വീകരിക്കണം.  എല്ലാ ദിശയിലും വാലറ്റം വരെ കുടിവെള്ളം ലഭ്യമാകുന്ന തരത്തിലാവണം വെള്ളം തുറന്നുനല്‍കേണ്ടത്. പ്രവര്‍ത്തന റിപ്പോര്‍ട്ട് ആഴ്ചയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. അനധികൃത ജലസംഭരണം, ജലചൂഷണം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 0487 2332486 (മേജര്‍ ഇറിഗേഷന്‍), 0487 2332304 (മൈനര്‍ ഇറിഗേഷന്‍) എന്നീ നമ്പറുകളില്‍ അറിയിക്കണം. 

ഉയര്‍ന്ന താപനിലയും മറ്റും കാരണം കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്ന സാഹചര്യമുള്ളതിനാല്‍ ഇവ നിരീക്ഷിച്ച് നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കും. വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പൈപ്പുകളുടെ അറ്റകുറ്റപ്പണി, ചോര്‍ച്ച എന്നിവ കണ്ടെത്തിയാല്‍ അവ ഉടന്‍ പരിഹരിക്കാനും നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ ചോര്‍ച്ച കണ്ടെത്തിയാല്‍ 0487 2333070 നമ്പറില്‍ ബന്ധപ്പെടണം.

തുറസ്സായ സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണി വരെ ജോലി സമയത്തില്‍ ഇളവ് നല്‍കി ക്രമീകരണം ഏര്‍പ്പെടുത്തിയ നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സൂര്യാതപം, സൂര്യാഘാതം എന്നിവ ഏല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് ലേബര്‍ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍സമയം പുനക്രമീകരിച്ചത്. ജില്ലയിലെ എല്ലാ തൊഴിലുടമകളും നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ലേബര്‍ വകുപ്പിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് തൊഴിലിടങ്ങള്‍ സന്ദര്‍ശിച്ച് ഉറപ്പാക്കാനും നിര്‍ദേശിച്ചു. മുന്നറിയിപ്പ് അവഗണിച്ച് ജോലി ചെയ്യുന്നതും, ചെയ്യിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ 8547655269 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

എൽ എസ് ജി ഡി ജോയിൻ്റ് ഡയറക്ടർ പി.എം. ഷഫീക്ക്, പൊതുമരാമത്ത് തൃശൂർ റോഡ് എക്സിക്യുട്ടീവ് എൻജിനീയർ ഹരീഷ് എസ്, വാട്ടർ അതോറിട്ടി ഇ ഇ, ഇ എൻ സുരേന്ദ്രൻ, വൻകിട – ചെറുകിട ജലസേചന പദ്ധതി, കേരള വാട്ടർ അതോറിട്ടി, ഗ്രൗണ്ട് വാട്ടർ, പീച്ചി, വാഴാനി ഡാം എൻജിനീയർമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments