ചാവക്കാട്: തിരുവത്ര കുമാര്‍ എ.യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിന്റെ സ്റ്റാമ്പ് പുറത്തിറക്കി തപാൽ വകുപ്പ്. കെ.എ.യു.പി.എസ് അറ്റ് 100 എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് വിദ്യാലയത്തിന്റെ ചിത്രം പതിച്ച സ്റ്റാമ്പ് തപാൽ വകുപ്പ് പുറത്തിറക്കിയത്. മൈ സ്റ്റാമ്പ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശതാബ്ദി ആഘോഷിക്കുന്ന കുമാർ എ.യു.പി സ്കൂളിൻ്റെ സ്റ്റാമ്പ് പുറത്തിറക്കിയത്. ചാവക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.വി മുഹമ്മദ് അൻവർ സ്റ്റാമ്പ് പ്രകാശനം ചെയ്തു. വാർഡ് കൗൺസിലർ എം.ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സീനിയർ സൂപ്രണ്ട് തപാൽ വകുപ്പ് മുഹമ്മദ് ഷരീഫ് പ്രകാശനം ചെയ്ത സ്റ്റാമ്പ് കുട്ടികളും ഒ.എസ്.എ പ്രതിനിധികളും പി.ടി.എ എം.പി.ടി.എ അംഗങ്ങളും ചേർന്ന് സ്റ്റാമ്പ് ഏറ്റുവാങ്ങി. പ്രധാന അധ്യാപിക കെ.ജെ സിൽവി സ്വാഗതവും റീന തോമസ് നന്ദിയും പറഞ്ഞു. കെ പ്രധാൻ, അസീസ് മാടമ്പി, സെലീന നൗഫൽ, കെ.വി ഷാനവാസ്, എം.എസ് ശിവദാസ്, എം.എസ് ശ്രീവത്സൻ, വി.ദീപക്, ജിതിൻ ജോസഫ്, സി. എം നിശ, കെ.യു ജിത, എം.എസ് ഡാലിഷ് എന്നിവർ നേതൃത്വം നൽകി.