ചാവക്കാട്: ഒരു മാസത്തോളം ലോക് ഡൗണിൽ കുടുങ്ങി ഇന്ന് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് ആംബുലൻസിൽ യാത്ര തിരിച്ച ഏഴംഗ സംഘത്തിന് യാത്രക്കിടെ ഭക്ഷണമൊരുക്കി ചാവക്കാട് ടോട്ടൽ കെയർ പ്രവർത്തകരുടെ സഹായ ഹസ്തം. ഇന്ന് രാത്രിയിലാണ് തിരുവനന്തപുരം സ്വദേശികളായ സംഘം ചാവക്കാട്ടെത്തിയത്. നോർക്കയിൽ രജിസ്റ്റർ ചെയ്തശേഷം കാസർഗോഡ് ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെയായിരുന്നു ഇവരുടെ യാത്ര. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ സംഘത്തിന് രാത്രിഭക്ഷണം വേണ്ടിവരുമെന്ന് വിവരമറിഞ്ഞതോടെ ചാവക്കാട് ടോട്ടൽ കെയർ പ്രവർത്തകർ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെ ചാവക്കാട് എത്തിയ സംഘം ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. ടോട്ടൽ കെയർ പ്രവർത്തകരായ നിഷാദ് ബ്ലാങ്ങാട്, തൻവീർ, അബി, മുഹമ്മദ്, ജാസിം, ആഷിർ, ആഷിക്ക്, ഷിയാസ്, ഫായിസ് എന്നിവർ നേതൃത്വം നൽകി.