ഗുരുവായൂർ: നഗരവൽക്കരണവുമായി ബന്ധപ്പെടുത്തി സംസ്ഥാന വികസനത്തെ സഹായിക്കാൻ മന്ത്രിസഭ രൂപീകരിച്ച നഗരനയ കമ്മീഷൻ അംഗമായി ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിനെ തെരഞ്ഞെടുത്തു. അധ്യക്ഷൻ ഡോ. എം സതീഷ് കുമാർ, ഉപാധ്യക്ഷരായ കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ, ഡോ. ഇ നാരായണൻ എന്നിവർക്ക് പുറമേ ഒമ്പത് പേരാണ് കമ്മീഷൻ അംഗങ്ങൾ. മുനിസിപ്പൽ ചെയർമാൻസ് ചേമ്പറിന്റെ സംസ്ഥാന ചെയർമാൻ കൂടിയാണ് എം കൃഷ്ണദാസ്. ഒരു വർഷത്തെ പ്രവർത്തന കാലാവധിയാണ് കമ്മീഷനുള്ളത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു കമ്മീഷൻ രൂപം നൽകിയിട്ടുള്ളത്.