കൊച്ചി: പേടിപ്പെടുത്തുന്ന വേഷം കെട്ടി പുറത്തിറങ്ങുന്നുവെന്ന ആരോപണം നേരിടുന്ന സ്ത്രീക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്. പ്രത്യേക രീതിയില്‍ വേഷം ധരിച്ച് പുറത്തിറങ്ങി നാട്ടുകാരെ പേടിപ്പിക്കുന്നുവെന്നാണ് പെരുമ്പാവൂര്‍ സ്വദേശിയായ സ്ത്രീക്കെതിരെ പരാതി ഉയര്‍ന്നത്.
കാറില്‍ വന്ന സ്ത്രീയോട് പ്രദേശവാസികള്‍ തര്‍ക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീക്കെതിരെയാണ് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചത്. നാട്ടുകാരുടെ പരാതിയില്‍ കഴിഞ്ഞ ദിവസം കാലടി പൊലീസ് സ്ത്രീയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിന് എന്തിനാണ് കേസ് എന്നാണ് സ്ത്രീ പൊലീസിനോട് ചോദിച്ചത്. തന്നെ കണ്ട് മറ്റുള്ളവര്‍ പേടിക്കുന്നതിന് താന്‍ എന്ത് ചെയ്യാനാണെന്നും സ്ത്രീ ചോദിച്ചു.
ഇതോടെ ഏത് വകുപ്പില്‍ കേസെടുക്കുമെന്ന സംശയത്തിലാണ് പൊലീസ്. അന്യായമായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയതിനെതിരെ നിയമപരമായി സമീപിക്കുമെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു. ഇതോടെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ വീട്ടിലാക്കുകയായിരുന്നു.