കുന്നംകുളം: ടൗൺ സുന്നി ജുമാ മസ്ജിദിനെതിരെ വ്യാജ വാർത്ത നൽകിയതിന് മംഗളം പത്രത്തിനും ലേഖകനും വക്കീൽ നോട്ടീസ് അയച്ചു.
ഭൂമി ഏറ്റെടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് കുന്നംകുളം ടൗൺ സുന്നി ജുമാ മസ്ജിദിനെതിരെ തുടർച്ചയായി അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ചെന്നും, കുന്നംകുളത്തിന്റെ മത സൗഹാർദ്ധത്തിന് തുരങ്കം വക്കുന്ന രീതിയിലായിരുന്നു വാർത്തകളെന്നും ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ മംഗളം ദിനപത്രം മാത്രമാണ് ഇത്തരത്തിൽ വ്യാജ വാർത്ത നൽകിയതെന്നും ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. നോട്ടീസ് പോലും നൽകാതെ ലക്ഷങ്ങൾ ചിലവഴിച്ച് മഹല്ല് പണിത മതിൽ പൊളിച്ച് നീക്കുന്നതിനെതിരെ ഹൈക്കോടതി വിധി സമ്പാദിച്ച ടൗൺ സുന്നി ജുമാ മസ്ജിദിനെതിരെ സമൂഹത്തിൽ അവമതിപ്പുണ്ടാക്കാൻ മംഗളം ലേഖകൻ മനപൂർവ്വം വ്യാജ വാർത്തകൾ പ്രസിദ്ദീകരിക്കുകയായിരുന്നുവെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികൾ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ ആരോപിച്ചു. മഹല്ലിന്റെ വാതിലുകൾ ഓണക്കാലത്ത് തിരക്ക് കൂടിയപ്പോൾ വാഹന പാർക്കിംഗിനായി തുറന്ന് നൽകിയതും, കൊറോണ കാലത്ത് എല്ലാ വിഭാഗങ്ങൾക്കുമായി മഹല്ല് നിലകൊണ്ടതും കുന്നംകുളത്തിന്റെ മത സൗഹാർദ്ധത്തിൽ മഹല്ല് എക്കാലവും കൈക്കൊണ്ട നിലപാടുകളും അക്കമിട്ട് നിരത്തിയ വാർത്ത കുറിപ്പ് മഹല്ലിന്റെ വാതിൽ എല്ലാ മതക്കാർക്കുമായി ഇന്നും തുറന്ന് കിടക്കുന്നു എന്നും പറയുന്നു. മറ്റൊരു സംഭവത്തിൽ ബി.ജെ.പി കുന്നംകുളം മണ്ഡലം പ്രസിഡന്റിനെതിരെ കഴിഞ്ഞ ദിവസം വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് അടുത്ത ദിവസം തന്നെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു.