Sunday, November 29, 2026

എക്സൈസിന് ഒറ്റിക്കൊടുത്തെന്ന തെറ്റിദ്ധാരണയിൽ മധ്യവയസ്‌ക്കനെ കത്തികൊണ്ട് ആക്രമിച്ചു; സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ

മതിലകം: മധ്യവയസ്‌ക്കനെ കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ അഴീക്കോട് മേനോൻ ബസാർ സ്വദേശി മുടവൻകാട്ടിൽ വീട്ടിൽ അൻഷാദ് (31), ഇപ്പോൾ പോഴണകാവിൽ താമസിക്കുന്ന മാള പള്ളിപ്പുറം സ്വദേശി തേമാലിപറമ്പിൽ വീട്ടിൽ നമീർ (25) എന്നിവരെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. പാപ്പിനിവട്ടം പുന്നക്ക ബസാർ സ്വദേശി കുന്നത്ത് വീട്ടിൽ മെഹബൂബ് ഖാനെ (55)യാണ് സംഘം കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. 2026 നവംബർ 27-ന് ഉച്ചയ്ക്ക് 2.15-ഓടെയാണ് സംഭവം. പ്രതികളെ നേരത്തേ എക്സൈസിന് ഒറ്റിക്കൊടുത്തത് പരാതിക്കാരനാണെന്ന തെറ്റിദ്ധാരണയെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പഴയ മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് പരാതിക്കാരനെ പുന്നക്ക ബസാറിലുള്ള വീടിന് പുറത്തേക്ക് റോഡിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഒന്നാം പ്രതിയായ അൻഷാദ് പരാതിക്കാരന്റെ നെഞ്ചിൽ കൈകൊണ്ട് ഇടിക്കുകയും രണ്ടാം പ്രതിയായ നമീർ പിടിച്ചുനിർത്തുകയും ചെയ്തു. ഇതിനിടെ അൻഷാദ് കത്തികൊണ്ട് പരാതിക്കാരന്റെ തലയിലും വയറിന് ഇടതുവശത്തും  കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചു. തുടർന്ന് മെഹബൂബ് ഖാൻ്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണും തട്ടിപ്പറിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. അൻഷാദ് കൊടുങ്ങല്ലൂർ മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായി സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മാനഹാനിവരുത്തിയ രണ്ട് കേസിലും, ഒരു വധശ്രമക്കേസിലും, കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി മയക്കുമരുന്ന് സൂക്ഷിച്ച രണ്ട് കേസുകളിലും, പൊതുസ്ഥലത്ത് വെച്ച് മയക്ക് മരുന്ന് ഉപയോഗിച്ച കേസിലും,  ഒരു മോഷണക്കേസിലും, രണ്ട് അടിപിടിക്കേസിലും, കാപ്പ നിയമപ്രകാരമുള്ള കേസിലും അടക്കം ഒമ്പത് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. മതിലകം സർക്കിൾ ഇൻസ്പെക്ടർ വിമൽ വി വി, മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ നെസിയ എം സാഹിബ്, എസ് ഐ മുഹമ്മദ് റാഫി, എ എസ് ഐ മാരായ വഹാബ്, ഷിജു, എസ് സി പി ഒ മാരായ ഷിഹാബ്, അനൂപ്, സനീഷ്, സി പി ഒ മാരായ ശരത്ത്, ഹരൂൺ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments