കുട്ടികൾക്ക് വിൽപ്പന നടത്താൻ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. കിഴക്കേ ചാലക്കുടി വില്ലേജ് കൂടപ്പുഴ സ്വദേശി കണ്ണമ്പുഴ വീട്ടിൽ ആന്റോ (60) ആണ് അറസ്റ്റിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ചാലക്കുടി കൂടപ്പുഴയിലുള്ള കണ്ണമ്പുഴ സ്റ്റോഴ്സ് എന്ന കടയിൽ നടത്തിയ പരിശോധനയിലാണ് മേശക്കടിയിൽ സൂക്ഷിച്ചിരുന്ന 67 പാക്കറ്റ് പുകയില ഉത്പനങ്ങൾ പിടികൂടിയത്. കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചതിന് പ്രതിക്കെതിരെ കോട്പ നിയമത്തിന് പുറമെ ജുവനയിൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്താണ് കേസെടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ അതുൽ മോഹൻ, എ എസ് ഐ സജീഫ് ഖാൻ, എ എസ് ഐ ജിബി, എസ് സി പി ഒ ജിജോ, ജി എസ് സി പി ഒ മാരായ സുജിത്ത്, രങ്കേഷ് കുമാർ, സി പി ഒ മാരായ അമൽ മോഹൻ, നിഖിൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
