വടക്കേക്കാട്: പോലീസ് കസ്റ്റഡിയിൽ നിന്നും കൈ വിലങ്ങുമായി ഓടിരക്ഷപ്പെട്ട വധശ്രമക്കേസിലെ പ്രതി പിടിയിലായതായി സൂചന. പുന്നയൂർക്കുളം ചമ്മണ്ണൂർ സ്വദേശിയായ മുഹമ്മദ് ഷിഫാനാ(30)ണ് അണ്ടത്തോട് നിന്നും പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കൽ പരിശോധനയ്ക്കായി വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച സമയത്താണ് ഇയാൾ രക്ഷപ്പെട്ടത്. ഇരു കൈകളിലും ബന്ധിച്ചിരുന്ന വിലങ്ങ് ഒരു കൈയിലേക്ക് മാറ്റുന്നതിനിടെ ഇയാൾ പോലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടാഴ്ച മുമ്പ് പുന്നയൂർക്കുളത്തെ ബാറിന് മുന്നിൽ വെച്ച് മുരിയന്തടം സ്വദേശി വിഷ്ണു യാദവിനെ (24) വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ഷിഫാൻ. ഇയാൾ മുൻപും കാപ്പ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. പ്രതി രക്ഷപ്പെട്ട സംഭവത്തിൽ നാല് പോലീസുകാർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ബൈജു, സിനീഷ്, പ്രവീൺ, അഖിൽ എന്നിവരെയാണ് അന്വേഷണ വിധേയമായി കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തത്.
