Saturday, July 25, 2026

മീറ്റ് യുവർ കളക്ടർ 2.0: എട്ടാം അധ്യായത്തിൽ പങ്കാളിയായി തിരുവത്ര ജി.എഫ്.യുപി സ്കൂൾ

തൃശൂർ: ജില്ലാ ഭരണകൂടം  സംഘടിപ്പിച്ചു വരുന്ന മീറ്റ് യുവർ കളക്ടർ 2.0: എട്ടാം അധ്യായത്തിൽ  പങ്കാളികളായി തിരുവത്ര കോട്ടപ്പുറം സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപരും. ജില്ലാ കലക്ടർ ശിഖ സുരേന്ദ്രനുമായി  നേരിട്ട് സംവദിക്കാനും സമൂഹം, വികസനം, ഭരണസംവിധാനം എന്നിവയെ കുറിച്ചു കൂടുതൽ അറിയാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു. അധ്യാപകരായ എം കെ സലീം, എം ആർ ഐശ്വര്യ പങ്കെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശരിയായ ഉപയോഗം, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത, ശുചിത്വശീലം സ്കൂളിന് അകത്തും പുറത്തും,വിദ്യാഭ്യാസരംഗത്ത് ആവശ്യമായ മാറ്റങ്ങൾ,  സമൂഹസേവന പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ നേതൃത്വഗുണങ്ങൾ,   സർക്കാർ ക്ഷേമപദ്ധതികൾ, പരിസ്ഥിതി സംരക്ഷണം,  എന്നിവ ഉൾപ്പെടെ നിരവധി സമകാലിക വിഷയങ്ങൾ പരിപാടിയിൽ ചർച്ചയായി. വിദ്യാർത്ഥികൾ ഉയർത്തിയ ചോദ്യങ്ങൾക്ക് ജില്ലാ കളക്ടർ വ്യക്തവും പ്രായോഗികവുമായ മറുപടികൾ നൽകി. സമൂഹത്തോടുള്ള ഉത്തരവാദിത്തബോധം, നിയമപാലനം, സേവനമനോഭാവം, നല്ല പൗരബോധം എന്നിവ ബാല്യകാലം മുതൽ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും കളക്ടർ പങ്കുവെച്ചു. വർഷങ്ങളായി സ്കൂളിൽ കളിക്കാൻ ഗ്രൗണ്ട് ഇല്ലാത്തതും കായികാധ്യാപകൻ്റെ അഭാവവും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. ഒരു സ്മാർട്ട് ക്ലാസ്സ് റൂമിൻ്റെ ആഗ്രഹം മുന്നോട്ട് വെച്ചപ്പോൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് കലക്ടർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പുതിയ അറിവും ആത്മവിശ്വാസവും സാമൂഹിക പ്രതിബദ്ധതയും പകർന്നുകൊടുത്ത ഈ പരിപാടി, ഭാവിയെ കൂടുതൽ ഉത്തരവാദിത്തത്തോടെ സമീപിക്കാൻ പ്രചോദനം നൽകിയ ശ്രദ്ധേയമായ ഒരു അനുഭവമായി. കളക്ടർക്ക് കുട്ടികൾ പുസ്തങ്ങളും പലഹാരവും സമ്മാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments