കള്ള് ഷാപ്പിൽ മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് രണ്ട് സ്റ്റേഷൻ റൗഡികളെയും കൂട്ടാളിയെയും കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. കൊരട്ടി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള മേലൂർ പൂലാനി സ്വദേശി തെക്കൂടൻ വീട്ടിൽ അൻവിൻ (35), കൊടകര പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള കൊടകര വട്ടേക്കാട് കല്ലിങ്ങപ്പുറം സ്വദേശി സുധീഷ് (36), പുതുക്കാട് ആനന്ദപുരം നെടുമ്പള്ളി വീട്ടിൽ സുബീഷ് (40) എന്നിവരാണ് അറസ്റ്റിലായത്. മേലൂർ പൂലാനിയിലുള്ള ഷാപ്പിൽ ബൈക്കിലെത്തിയ പ്രതികൾ കള്ള് ആവശ്യപ്പെട്ടെങ്കിലും, അവരുടെ കയ്യിൽ പണം ഇല്ലെന്ന് മനസ്സിലാക്കിയ ഷാപ്പ് മാനേജർ പണം തന്നതിനു ശേഷം കള്ളുകുടിക്കാമെന്ന് പറഞ്ഞിരുന്നു. ഈ വൈരാഗ്യത്താൽ പ്രതികൾ ഷാപ്പിൽ വെച്ചിരുന്ന കള്ള് മറിച്ച് കളയുകയും, കുപ്പികൾ പൊട്ടിക്കുകയും, വാതിൽ ചവിട്ടിപ്പൊളിച്ച് 5,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തു. തടയാൻ ശ്രമിച്ച ഷാപ്പ് മാനേജരായ കുറ്റിച്ചിറ കുണ്ടുക്കുഴിപ്പാടം സ്വദേശി തെക്കൂടൻ വീട്ടിൽ മനോഹരനെ (65) പ്രതികൾ കുപ്പികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പ്രതികളെ സംഭവ സ്ഥലത്ത് നിന്ന് തന്നെ കൊരട്ടി പോലീസ് പിടികൂടിയിരുന്നു. സുധീഷ് കൊടകര പോലീസ് സ്റ്റേഷൻ പരിധിയിലെ 2024 ലെ വട്ടേക്കാട് കൊലപാതകക്കേസിലും അതിരപ്പിള്ളി, വെള്ളിക്കുളങ്ങര, ചാലക്കുടി, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി സ്ത്രീയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ്സിലും, രണ്ട് വധശ്രമക്കേസിലും, ആയുധ നിയമപ്രകാരമുള്ള കേസ്സിലും, സ്ഫോടക വസ്തു നിയമപ്രകാരമുള്ള ഒരു കേസ്സിലും, ചാരായവുമായി അറസ്റ്റിലായ രണ്ട് കേസ്സിലും, വീടുകയറി ആക്രമണം നടത്തിയ ആറ് കേസുകളിലും, നാല് അടിപിടിക്കേസിലും, പൊതുസ്ഥലത്ത് സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന പ്രവർത്തി ചെയ്ത കേസിലും അടക്കം 19 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. അൻവിൻ ചാലക്കുടി, കൊരട്ടി, അയ്യമ്പുഴ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത മൂന്ന് കേസുകളിലും, പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച രണ്ട് കേസ്സിലും ക്രമസമാധാനപ്രശ്നങ്ങളിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ എട്ട് കേസിലും മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും അടക്കം 15 ക്രിമിനൽക്കേസിലെ പ്രതിയാണ്. കൊരട്ടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഹബീബുള്ള, എസ് ഐ അരുൺ, എസ് ഐ ഷിബു, എ എസ് ഐ നാഗേഷ്, എ എസ് ഐ ജോയ്, സി പി ഒ ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
