മദ്യലഹരിയിൽ അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറെ ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ തൃശ്ശൂർ റൂട്ടിലോടുന്ന തോംസൺ ബസിന്റെ ഡ്രൈവറായ കണിമംഗലം വില്ലേജ് പനമുക്ക് റൈസ് മിൽ സമീപം കുരുതുകുളങ്ങര വീട്ടിൽ സിജിത്താ (37) ണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 09.05 മണിയോടെയാണ് സംഭവം. കൊടുങ്ങല്ലൂരിൽ നിന്നും തൃശൂർ ഭാഗത്തേക്ക് വരുന്ന തോംസൺ ബസിന്റെ ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് സംഘം ഇരിഞ്ഞാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വാഹനം തടയാനായി നിൽക്കുന്നതിനിടയിൽ, മനുഷ്യജീവന് അപകടം വരുത്തക്ക വിധം അതിവേഗതയിലും അശ്രദ്ധമായും രഹസ്യ വിവരത്തിൽ പറഞ്ഞ തോംസൺ ബസ് ബസ് സ്റ്റാന്റിലേക്ക് വരികയായിരുന്നു. തുടർന്ന് പോലീസ് ബസ് തടഞ്ഞുനിർത്തി ബസ് ഓടിച്ചിരുന്ന പ്രതിയെ അൽക്കോ മീറ്റർ ഉപയോഗിച്ച് പരിശോധിച്ചതിൽ ഇയാൾ മദ്യലഹരിയിലാണെന്ന് തെളിഞ്ഞു.
തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പകരം യാത്രാസൗകര്യം ഏർപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയും, ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി രക്തം ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. തുടർന്ന് പ്രതിക്കെതിരെ ഇരിഞ്ഞാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് ‘സസ്പെൻഡ് ചെയ്യുന്നതിനായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകും. ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദിലീഷ് ടി, സബ് ഇൻസ്പെക്ടർ മനോജ് എം.എൻ, ജി.എസ്.ഐ മുഹമ്മദ് റാഷി, സി.പി.ഒ ജോവിൻ ജോയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
