ഗുരുവായൂർ: ഗുരുവായൂരിലെ ഭൂമിയെടുപ്പിന് മുന്‍പായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുളള ഏജന്‍സികളെ നാളെ തീരുമാനിക്കും. ഗുരുവായൂർ ദേവസ്വം സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രനഗര വികസന സമിതിയുടെ നേതൃത്വത്തിലുള്ള വ്യാപാരികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ദേവസ്വം ഹാളിൽ ചേർന്ന യോഗത്തിൽ ചെയർമാൻ എ.വി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. അടിയന്തിര പ്രാധാന്യത്തോടെ മാസ്റ്റര്‍ പ്ലാനിന്റെ ഏകദേശ രൂപരേഖ തയ്യാറാക്കും. 28 ന് ഗുരുവായൂരിലെത്തുന്ന ദേവസ്വം മന്ത്രി കെ. മുരളീധരനുമായി ചര്‍ച്ചചെയ്തശേഷം നടപടികള്‍ വേഗത്തിലാക്കുമെന്ന് ചെയര്മാന് എ.വി ഗോപിനാഥ് പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി മാത്രമേ ഭൂമിയെടുപ്പ് നടത്താവൂ എന്ന തങ്ങളുടെ ഉറച്ച നിലപാട് വ്യാപാരി നേതാക്കള്‍ ദേവസ്വത്തെ അറിയിച്ചു. ആരേയും വേദനിപ്പിക്കാതെയായിരിക്കും ഭൂമിയെടുപ്പ് പൂര്ത്തിയാക്കുകയെന്ന് ചെയര്മാന് പറഞ്ഞു. 30 ന് വീണ്ടും യോഗം വിളിക്കും.
ക്ഷേത്രനഗര വികസന സമിതി ചെയര്മാന് ജി.കെ പ്രകാശന്, ജനറല്‍ കണ്‍വീനര്‍ ടി.എന്‍ മുരളി, വ്യാപാരി നേതാക്കളായ പുതൂര്‍ രമേഷ് കുമാര്‍, എന്‍. പ്രഭാകരന് നായര്‍, ടി. നിരാമയന്, ഒ.കെ.ആര് മണികണ്ഠന്, കെ. പ്രദീപ് കുമാര്‍, രവീന്ദ്രന് നമ്പ്യാര്‍, അക്വസിഷന്‍ തഹസില്‍ദാര്‍ സന്തോഷ് കുമാര്‍, ദേവസ്വം ചീഫ് എന്‍ജിനീയര്‍ എം.വി രാജന്, എന്‍ജിനീയറിങ് ഉദ്യോഗസ്ഥരായ എം.കെ അശോക് കുമാര്‍, വി.ബി സാബു, ദേവസ്വം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എം.എന്‍ രാജീവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

