നോക്കൗട്ടിലേക്ക് ടിക്കറ്റ് പ്രതീക്ഷിച്ചെത്തിയ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഘാന. ഹാരി കെയ്നെയും സംഘത്തെയും ഒരു ഗോൾ പോലും അടിപ്പിക്കാതെയാണ് ഘാന സമനിലയിൽ തളച്ചത്.
ബോസ്റ്റൺ സ്റ്റേഡിയത്തിൽ 63,983 കാണികൾ സാക്ഷ്യം വഹിച്ച മത്സരത്തിൽ പന്തടക്കത്തിലും പാസുകളിലും ഏറെ മുന്നിലായിരുന്ന ഇംഗ്ലണ്ട് എതിരാളികളുടെ രണ്ട് ഷോട്ടുകൾക്ക് പകരം 19 ഷോട്ടുകളാണ് ഉതിർത്തത്. എന്നിട്ടും ഘാനയുടെ പകരക്കാരൻ ഗോൾകീപ്പർ ബെഞ്ചമിൻ അസാരെയെ പരീക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ല. എൽ ഗ്രൂപ്പിൽ ഇരു ടീമുകൾക്കും ഇപ്പോൾ ഒരു മത്സരം ബാക്കിനിൽക്കെ നാല് പോയിന്റുകൾ വീതമുണ്ട്. അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം ഏതാണ്ട് ഉറപ്പാണെങ്കിലും ഗ്രൂപ്പിലെ അന്തിമ സ്ഥാനം ഇപ്പോഴും പ്രവചനാതീതമാണ്.
ലോകകപ്പിൽ ആഫ്രിക്കൻ രാജ്യങ്ങളോട് ഇതുവരെ പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോർഡിന് ഇളക്കം തട്ടിയില്ലെങ്കിലും ലോക റാങ്കിങ്ങിൽ തങ്ങളെക്കാൾ 69 സ്ഥാനങ്ങൾ പിന്നിൽ, 73–ാമതുള്ള ഘാനയുടെ പോരാട്ടവീര്യത്തിനു മുന്നിൽ വിയർക്കുന്ന ഇംഗ്ലണ്ടിനെയാണ് ബോസ്റ്റൺ സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ വിസിൽ മുഴങ്ങിയതു മുതൽ പന്തു വിട്ടുകൊടുക്കാൻ ഇംഗ്ലണ്ട് തയാറായില്ല. എന്നാൽ 5-4-1 ഫോർമേഷനിൽ കളം നിറഞ്ഞ ഘാന കൃത്യമായ പ്ലാനിങ്ങോടെ പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പാനമയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന ഘാന നായകൻ തോമസ് പാർട്ടി മധ്യനിരയിൽ ഇംഗ്ലിഷ് നായകൻ ഹാരി കെയ്നെ പൂർണമായും മാർക്ക് ചെയ്ത് പന്ത് ലഭിക്കാത്ത രീതിയിൽ പൂട്ടിയിട്ടു.
ആദ്യ പകുതിയിൽ ഇംഗ്ലണ്ടിന് ഏറ്റവും മികച്ച ഗോൾ അവസരം ലഭിച്ചത് ഡെക്ലാൻ റൈസിലൂടെയായിരുന്നു. 35–ാം മിനിറ്റിൽ റൈസ് തൊടുത്ത ഒരു ലൂപ്പിങ് ഹെഡ്ഡർ ഘാന ഗോൾപോസ്റ്റിന്റെ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഡെക്ലാൻ റൈസിന് കടുത്ത ഫൗളിനെ തുടർന്ന് റഫറി മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. ഹാഫ് ടൈം വിസിൽ മുഴുങ്ങുമ്പോൾ സ്കോർ 0–0.
ആദ്യ പകുതിയിലെ ഗോൾരഹിത സമനിലയ്ക്ക് ശേഷം, ഘാനയുടെ പ്രതിരോധ കോട്ട തകർക്കാൻ കൂടുതൽ ആക്രമണ ശൈലിയാണ് രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് സ്വീകരിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങളൊന്നും വരുത്തിയില്ല. എന്നാൽ ഘാന ഇനാകി വില്യംസിന് പകരം ഇബ്രാഹിം സുലൈമാനയെ കളത്തിലിറക്കി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ 86–ാം മിനിറ്റിലാണ് മത്സരത്തിലെ ഏറ്റവും വലിയ ഗോളവസരം ഇംഗ്ലണ്ടിന് ലഭിച്ചത്. ട്രെന്റ് അലക്സാണ്ടർ-ആർനോൾഡ് എടുത്ത മനോഹരമായ കോർണർ കിക്കിലേക്ക് ഉയർന്നുചാടിയ യുവതാരം നിക്കോ ഒറെയ്‌ലി ഒരു തകർപ്പൻ ഹെഡ്ഡർ ഉതിർത്തു. എന്നാൽ ഘാന കീപ്പറെയും മറികടന്ന പന്ത് പോസ്റ്റിന്റെ ക്രോസ്സ് ബാറിലിടിച്ച് തെറിച്ചു.
റീബൗണ്ടിൽ ലഭിച്ച പന്ത് ഹാരി കെയ്ൻ പോസ്റ്റിന് മുകളിലൂടെ അടിച്ചു കളയുകയും ചെയ്തു. ഇൻജറി ടൈമിൽ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീ-കിക്കിൽ നിന്ന് മാർക് ഗുവേഹി തൊടുത്ത ഹെഡ്ഡർ ഘാന കീപ്പറെയും മറികടന്ന് വലയിലേക്ക് നീങ്ങി. എന്നാൽ ഗോൾ ലൈനിൽ നിലയുറപ്പിച്ചിരുന്ന ഘാനയുടെ കോജോ പെപ്രാ ഓപ്പോങ് അദ്ഭതകരമായി പന്ത് ഹെഡ്ഡറിലൂടെ ക്ലിയർ ചെയ്ത് ഘാനയുടെ രക്ഷകനായി.
ഇംഗ്ലണ്ടിന്റെ നിരന്തരമായ ആക്രമണങ്ങളെ ഘാനയുടെ ബ്ലാക്ക് സ്റ്റാർസ് പ്രതിരോധം വിജയകരമായി ചെറുത്തുതോൽപ്പിച്ചു. ഒടുവിൽ റഫറി അവസാന വിസിൽ മുഴക്കുമ്പോൾ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച (0-0) നിർവൃതിയിൽ ഘാന ടീം. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ സമനിലയിൽ അവസാനിപ്പിച്ച ടീമെന്ന റെക്കോർഡിലേക്ക് ഒരു മത്സരം കൂടി ഇംഗ്ലണ്ട് കൂട്ടിച്ചേർത്തു. ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ 23 മത്സരങ്ങൾ സമനിലയിലായപ്പോൾ 13 എണ്ണവും ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്

