Tuesday, June 23, 2026

കവർച്ച-വധശ്രമക്കേസ്, മയക്കുമരുന്ന് വിൽപ്പന; നിരവധി ക്രിമിനൽക്കേസുകളിലെ പ്രതികൾ പിടിയിൽ

സ്കൂൾ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തിവന്ന വൻ ക്രിമിനൽ സംഘത്തെ കയ്പമംഗലം പോലീസ് പിടികൂടി. കവർച്ച, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കൂരിക്കുഴി സ്വദേശി തിണ്ടിയേക്കൽ വീട്ടിൽ ഹസീബ് (29), കൂട്ടാളികളായ നാട്ടിക സ്വദേശി എടക്കണ്ടിയിൽ വീട്ടിൽ ആകാശ് ബാബു (18), താന്ന്യം പെരിങ്ങോട്ടുകര സ്വദേശി വടക്കേക്കുന്നത്ത് വീട്ടിൽ അരുൺ (18) എന്നിവരാണ് അറസ്റ്റിലായത്. കൂരിക്കുഴിയിലുള്ള ഹസീബിന്റെ വീട്ടിൽ വെച്ചാണ് പ്രതികളെ പോലീസ് സംഘം വലയിലാക്കിയത്. ഈ വീട് കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങൾ ശേഖരിച്ച് വെച്ച് വിൽപ്പന നടത്തുന്നതായും, ലഹരി ഉപയോഗിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ പി എസ് ന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഹസീബിന്റെ പെരിഞ്ഞനത്തുള്ള വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പോലീസ് പിടിച്ചെടുത്തത്. പോലീസ് പരിശോധന നടത്തുന്ന സമയത്ത് 16 വയസ്സുള്ള നിയമവുമായി പൊരുത്തപ്പെടാത്ത ഒരു കുട്ടിക്ക് പ്രതികൾ കഞ്ചാവ് ഉപയോഗിക്കാൻ സൗകര്യം ചെയ്തു കൊടുത്തതായും പോലീസ് കണ്ടെത്തി. ഇതേത്തുടർന്ന് പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ടിന് പുറമെ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന ബാലനീതി നിയമത്തിലെ  ജാമ്യമില്ലാ വകുപ്പും ചുമത്തിയാണ് പോലീസ് കേസെടുത്തത്. ഹസീബ് മതിലകം, വലപ്പാട്, കയ്പമംഗലം, കാട്ടൂർ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും, മൂന്ന് വധശ്രമക്കേസിലും, ഇന്റർമീഡിയറ്റ് അളവിലുള്ള എം ഡി എം എ വിൽപ്പനക്കായി സൂക്ഷിച്ച കേസ്സിലും, പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ രണ്ട് കേസ്സിലും, അഞ്ച് അടിപിടിക്കേസിലും, കാപ്പ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച കേസിലും അടക്കം 13 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. ആകാശ് ബാബു ചാലക്കുടി, കാട്ടൂർ, അന്തിക്കാട്, വാടനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും, രണ്ട് വധശ്രമക്കേസിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസ്സിലും, ഒരു മോഷണക്കേസിലും, 16 വയസുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലും, ഒരു അടിപിടിക്കേസിലും  അടക്കം 7 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. അരുൺ വലപ്പാട് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും പ്രതിയാണ്. കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജിത്ത്, എസ് ഐ അജാസുദ്ധീൻ, എസ് ഐ മണികണ്ഠൻ, ജി എ എസ് ഐ ജോബി പോൾ, ജി എ എസ് ഐ രാജേഷ്, ജി എ എസ് ഐ നിഷി, ജി എസ് സി പി ഒ സുനിൽകുമാർ, സി പി ഒ പ്രജിത്, സി പി ഒ ദിനേശ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments