ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം വരവിൽ സർവ കാല റെക്കോർഡ്. ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകീട്ട് പൂർത്തിയായപ്പോൾ 8,50,00,661 രൂപയാണ് ലഭിച്ചത് .കഴിഞ്ഞ വർഷം ജനുവരിയിൽ ലഭിച്ച 7,50,22,241 രൂപയായിരുന്നു ഇത് വരെ ലഭിച്ചതിൽ ഏറ്റവും കൂടുതൽ. എട്ടര കോടി രൂപക്ക് പുറമെ 1 കിലോ 843 ഗ്രാം 600 മില്ലിഗ്രാം സ്വർണവും 9 കിലോ 800 ഗ്രാം വെള്ളിയും ലഭിച്ചു. ഭണ്ഡാരത്തിൽ കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ 15 നോട്ടുകളും, നിരോധിച്ച 1000 രൂപയുടെ 14 നോട്ടുകളും, 500 രൂപയുടെ 60 നോട്ടുകളും ലഭിച്ചു. കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണലിന്റെ ചുമതല. ഇ-ഭണ്ഡാരങ്ങളിലൂടെയും ശ്രദ്ധേയമായ വരുമാനം ലഭിച്ചു. കിഴക്കേ നടയിലെ എസ്.ബി.ഐ ഇ-ഭണ്ഡാരത്തിലൂടെ 4,60,426 രൂപയും, പഞ്ചാബ് നാഷണൽ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 31,037 രൂപയും ലഭിച്ചു. പടിഞ്ഞാറെ നടയിലെ യു.ബി.ഐ ഇ-ഭണ്ഡാരത്തിൽ നിന്ന് 1,07,226 രൂപയും, ഇന്ത്യൻ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 61,864 രൂപയും, ഐ.സി.ഐ.സി.ഐ ഇ-ഭണ്ഡാരത്തിലൂടെ 43,952 രൂപയും, ധനലക്ഷ്മി ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 1,82,432 രൂപയും ലഭിച്ചു.

