ജർമനിയെ ഞെട്ടിച്ച ശേഷം കീഴടങ്ങി ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റ്. മികച്ച ആക്രമണങ്ങൾ നടത്തി ജർമൻ ടീമിനെ വിറപ്പിച്ച ഐവറി കോസ്റ്റ്, ജർമൻ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്തു. ഒടുവിൽ പകരക്കാരനായി ഇറങ്ങിയ ഡെനിസ് ഉൺഡാഫിന്റെ മികവിൽ ഇൻജുറി ടൈമിലെ ഗോളിലാണ് ജർമനി ജയമുറപ്പിച്ചത് (2-1). ജയത്തോടെ ഗ്രൂപ്പ് ഇയിൽ നിന്ന് ജർമനി നോക്കൗട്ടിലെത്തി. കിരീടം നേടിയ 2014 ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ജർമനി ലോകകപ്പിന്റെ നോക്കൗട്ടിലേക്ക് മുന്നേറുന്നത്.
ഡെനിസ് ഉൺഡാഫ് ജർമനിയുടെ രണ്ടു ഗോളും സ്‌കോർ ചെയ്തപ്പോൾ ക്യാപ്റ്റൻ ഫ്രാങ്ക് കെസ്സിയെയുടെ ബൂട്ടിൽ നിന്നായിരുന്നു ഐവറി കോസ്റ്റിന്റെ ഗോൾ. ഈ ലോകകപ്പിൽ ഉൺഡാഫിന്റെ ഗോൾ നേട്ടം മൂന്നായി. ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായാണ് ജർമനിയുടെ നോക്കൗട്ട് പ്രവേശനം
ജർമൻ ആക്രമണങ്ങളെ പ്രതിരോധിക്കുകയും അവസരം ലഭിക്കുമ്പോൾ കൗണ്ടർ അറ്റാക്ക് നടത്തുകയുമായിരുന്നു ഐവറി കോസ്റ്റിന്റെ തന്ത്രം. തുടക്കത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്താൻ ജർമനിക്കായിരുന്നു. 10-ാം മിനിറ്റിൽ തന്നെ അവർ ഗോളിനടുത്തെത്തുകയും ചെയ്തു. ക്യാപ്റ്റൻ ജോഷ്വാ കിമ്മിഷ് ബോക്‌സിലേക്ക് നൽകി പാസിൽ നിന്നുള്ള കായ് ഹാവെർട്‌സിന്റെ ഹെഡർ ഐവറി കോസ്റ്റ് ഗോളി യഹിയ ഫൊഫാന ഒരു നെടുനീളൻ ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.
21-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ജർമനി സ്‌കോർ ചെയ്‌തെങ്കിലും ജർമൻ താരം അലക്‌സാണ്ടർ പാവ്‌ലോവിച്ച് ഐവറി കോസ്റ്റ് ഗോൾകീപ്പറെ ഫൗൾ ചെയ്തതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു. പിന്നാലെ 30-ാം മിനിറ്റിൽ ഐവറി കോസ്റ്റ്, ജർമനിയെ ഞെട്ടിച്ച് മുന്നിലെത്തി. ഫ്രാങ്ക് കെസ്സിയെയാണ് ഐവറി കോസ്റ്റിനായി സ്‌കോർ ചെയ്തത്. ഇടതു വിങ്ങിൽ നിന്ന് യാൻ ഡിയോമാൻഡേ നൽകിയ ക്രോസിൽ നിന്നുള്ള അമാദ് ഡിയാല്ലോയുടെ ഷോട്ട് ജർമൻ ഗോൾകീപ്പർ മാനുവൽ നൂയർ തടഞ്ഞു. എന്നാൽ റീബൗണ്ട് വന്ന പന്ത് പിന്നാലെയെത്തിയ കെസ്സിയെ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
പിന്നാലെ ഗോൾ തിരിച്ചടിക്കാനുള്ള ജർമൻ ശ്രമങ്ങൾക്കു മുന്നിൽ ഐവറി കോസ്റ്റ് പ്രതിരോധ മതിലുയർത്തി. 38-ാം മിനിറ്റിൽ ജർമനിക്കായി കായ് ഹാവെർട്‌സ് സ്‌കോർ ചെയ്‌തെങ്കിലും അതിനു മുമ്പ് ജമാൽ മുസിയാല ഐവറി കോസ്റ്റ് താരത്തെ ഫൗൾ ചെയ്തതിനാൽ റഫറി ഈ ഗോളും നിഷേധിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു ജർമനി. എന്നാൽ ജർമൻ മുന്നേറ്റങ്ങളെല്ലാം ഐവറി കോസ്റ്റ് ഫലപ്രദമായി പ്രതിരോധിച്ചു. ഒടുവിൽ 68-ാം മിനിറ്റിൽ ഡെനിസ് ഉൺഡാഫിലൂടെ ജർമനി സമനില ഗോൾ കണ്ടെത്തി. നദീം അമിരി ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് ഉൺഡാഫ് ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ വിജയ ഗോൾ നേടാനുള്ള രണ്ടിലേറെ സുവർണാവസരങ്ങൾ ഐവറി കോസ്റ്റ് താരങ്ങൾ പാഴാക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി. ജർമനിയുടെ ഗോളെന്നുറച്ച ഏതാനും ഷോട്ടുകൾ രക്ഷപ്പെടുത്തി ഐവറി കോസ്റ്റ് ഗോളി യഹിയ ഫൊഫാനയും കൈയടി നേടി. ഒടുവിൽ ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ ഫെലിക്‌സ് മേച്ച നൽകിയ പാസ് കൃത്യമായി വലയിലേക്ക് തിരിച്ചുവിട്ട് ഉൺഡാഫ് ടീമിന് ജയം സമ്മാനിച്ചു.

