സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ അതിക്രമിച്ച പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി കൊടുങ്ങല്ലൂർ പോലീസ്. എസ്.എൻ. പുരം മുള്ളൻബസാർ സ്വദേശി ചിറയിൽ വീട്ടിൽ പ്രമോദ് (47) ആണ് പിടിയിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് നടന്നുപോവുകയായിരുന്ന അതിജീവിതയെ പ്രതി പുറകിലൂടെ പിന്തുടരുകയും, കൊടുങ്ങല്ലൂർ വടക്കേ നടയിലുള്ള മുഗൾ മാളിന്റെ മുൻവശത്ത് വെച്ച് കാലിൽ കയറിപ്പിടിച്ച് അതിക്രമത്തിന് മുതിരുകയുമായിരുന്നു. ഭയന്നുപോയ പെൺകുട്ടി ബഹളം വെച്ചതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ കയറി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അന്വേഷണ സംഘം നടത്തിയ ദ്രുതഗതിയിലുള്ള ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത്. പ്രമോദ് മതിലകം പോലീസ് സ്റ്റേഷനിലെ ഒരു പോക്സോ കേസിലും, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന രീതിയിൽ ലൈംഗിക ചേഷ്ടകൾ കാണിച്ച കേസിലും, ലഹരിക്കടിപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അടക്കം മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊടുങ്ങല്ലൂർ ഡി വൈ എസ് പി പ്രമോദ് പി, കൊടുങ്ങല്ലൂർ എസ് എച്ച് ഒ ബിജോയ് പി ടി, എസ് ഐ അറഫാത്, ജി എസ് സി പി ഒ മാരായ മിഥുൻ ആർ കൃഷ്ണ, ഷമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

