തൃശൂർ: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച വധശ്രമക്കേസ് പ്രതി പിടിയിൽ. ആളൂർ വില്ലേജ് മാനാട്ടുകുന്ന് സ്വദേശി പേരിപറമ്പിൽ വീട്ടിൽ രതീഷി(45)യാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒരു വർഷക്കാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് ഇയാൾ ഇന്നലെ ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മാനാട്ടുകുന്നിൽ പ്രവേശിച്ചതിനെ തുടർന്നാണ് പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. രതീഷ് ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആറ് വധശ്രമക്കേസിലും അഞ്ച് അടിപിടിക്കേസിലും കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ച കേസുകളിലും ലഹരി ഉപയോഗിച്ച് വാഹനമോടിക്കുക, പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുക എന്നിങ്ങനെയുള്ള ഇരുപത് ക്രിമിനൽക്കേസിലെ പ്രതിയാണ്. ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ വി ഹരിക്കുട്ടൻ, എസ് ഐ മനു പി ചെറിയാൻ, സി പി ഒ മാരായ ആദർശ്, അരുൺ, ആദർശ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

