തൃശൂർ: തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങളെ പിന്തുണച്ച് സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ വി.എസ് സുനിൽകുമാറും. രാഹുൽ ഗാന്ധി പറഞ്ഞ പല കാര്യങ്ങളും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് തൃശ്ശൂരിലും നടന്നിട്ടുണ്ടെന്ന് സുനിൽ കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വോട്ടുചേർക്കുന്നതിൽ കമ്മിഷന്റെ നിലപാട് ഇവിടെയും ദുരൂഹമായിരുന്നു. പുതുതായി ചേർത്ത വോട്ടുകളുടെ കാര്യത്തിലെ പരാതിയും ആക്ഷേപങ്ങളും ലഘൂകരിക്കുകയായിരുന്നു.
കൃത്യമായ തെളിവുകളോടെ ഗുരുതര കാര്യങ്ങളാണ് രാഹുൽ ഗാന്ധി പറഞ്ഞിരിക്കുന്നത്. ഇതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി പറയണം. കമ്മിഷൻ സർക്കാർ വകുപ്പുപോലെ പ്രവർത്തിക്കുന്നു. രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു. ഒരു വിലാസത്തിൽ നാല്പതിലധികം വോട്ടുകൾ ചേർത്തെന്ന പരാതി തിരഞ്ഞെടുപ്പുകാലത്തുതന്നെ ഉയർന്നിരുന്നതാണ്. മറ്റു മണ്ഡലങ്ങളിൽനിന്ന് തൃശ്ശൂരിൽ വോട്ടുകൾ വ്യാപകമായി ചേർത്തെന്ന് പരാതിയും പലരും ഉന്നയിച്ചിരുന്നതായും സുനിൽ കുമാർ പറഞ്ഞു.