ചാവക്കാട്: തെക്കൻ പാലയൂരിൽ വീണ്ടും കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തി. തെക്കൻ പാലയൂർ ജയന്തി റോഡിൽ പതിനാലാം വാർഡിൽ ജയന്തി റോഡിൽ ഒരുമനയൂർ സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇന്നു വൈകിട്ട് കുറുനരിയെ ചത്ത നിലയിൽ കണ്ടത്. കഴിഞ്ഞദിവസം ഇവിടെ ആറു പേർക്ക് കുറുനരിയുടെ കടിയേറ്റിരുന്നു. ഇതിന് പിന്നാലെ 13-ാം വാർഡിൽ വലിയ പുരക്കൽ ക്ഷേത്രത്തിനടുത്ത് കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തി. കുറുനരികൾ ചത്തു വീഴുന്നത് ജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്. നഗരസഭയും വനം വകുപ്പും ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകരായ പി.വി പീറ്റർ, അനീഷ് പാലയൂർ, ആഷിഫ് വലിയകത്ത്, അഷ്റഫ്, ബൈജു ആബിദ് എന്നിവർ ആവശ്യപ്പെട്ടു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ സ്ഥലത്ത് സന്ദർശനം നടത്തി.