ചാവക്കാട്: തിരുവത്രയിൽ വീട്ടിലെ വിറകുപുരയിൽ നിന്ന് 12 ഓളം മലമ്പാമ്പ് കുഞ്ഞുങ്ങളെയും മുട്ടകളും കണ്ടെത്തി. തിരുവത്ര കുമാര്‍ എ.യു.പി സ്കൂളിന് കിഴക്ക് കോനാരത്ത് റൗഫിന്റെ മകളുടെ വീട്ടിലെ വിറകുപുരയിൽ നിന്നാണ് മലമ്പാമ്പ് കുഞ്ഞുങ്ങളെയും മുട്ടയും കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വിറക് പുരയിൽ നിന്ന് ഒരു മലമ്പാമ്പ് കുഞ്ഞിനെയാണ് ആദ്യം കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്ലാബിനടിയിൽ നിന്ന് 12 ഓളം മലമ്പാമ്പ് കുഞ്ഞുങ്ങളെയും മുട്ടയും കണ്ടത്. ഇതോടെ വീട്ടുകാർ ഭയാശങ്കരായി. വീട്ടിൽ ജോലിക്ക് എത്തിയ അതിഥി തൊഴിലാളി മലമ്പാമ്പ് കുഞ്ഞുങ്ങളെയും മുട്ടയും മറ്റൊരു ബക്കറ്റിൽ നിക്ഷേപിച്ചു. കഴിഞ്ഞദിവസം പൂച്ചയെ വിഴുങ്ങിയ നിലയിൽ വലിയൊരു മലമ്പാമ്പിനെ വീട്ടുകാർ കണ്ടിരുന്നു. ഇതിന്റെ കുട്ടികളാണ് ഇവയെന്ന് സംശയിക്കുന്നുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറസ്റ്റ് അധികൃതർ മലമ്പാമ്പ് കുഞ്ഞുങ്ങളെ കൊണ്ടുപോയി.