തൃശൂർ: തൃശൂർ-എറണാകുളം ദേശീയ പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കാൻ ദേശീയ പാത അതോറിട്ടി നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആമ്പല്ലൂർ, പേരാമ്പ്ര, ചിറങ്ങര, മുരിങ്ങൂർ തുടങ്ങിയ ഇടങ്ങളിൽ മേൽപ്പാലങ്ങളും അടിപ്പാതയും നിർമ്മിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നടക്കുന്നത്. ഇതു മൂലം ദേശീയ പാതയിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. അതീവ പ്രാധാന്യമുള്ള ഒരു പാതയിൽ നിർമ്മാണം നടത്തുമ്പോഴുള്ള മുൻകരുതലുകളോ ക്രമീകരണങ്ങളോ എൻ എച്ച് എ അതോറിട്ടി എടുത്തില്ല. നിർമ്മാണ സൈറ്റുകളിൽ ചുരുക്കം തൊഴിലാളികളെ വച്ചാണ് പണികൾ നടത്തുന്നത്. കൃത്യമായ ടൈം ഷെഡ്യൂൾ നിശ്ചയിക്കാതെ എല്ലാ പോയിന്റുകളിലും ഒന്നിച്ച് നിർമ്മാണം നടത്തുകയാണ്. കൂടുതൽ തൊഴിലാളികളും മറ്റ് സംവിധാനങ്ങളുമൊരുക്കി നിർമാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കണമെന്നും ദേശീയ പാതയിലെ ഗതാഗത കുരുക്ക് മഴ തുടങ്ങിയാൽ കൂടുതൽ രൂക്ഷമാകുമെന്നിരിക്കെ ജനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ അടിയന്തിരമായി പരിഹരിക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
