ചാവക്കാട്: അണ്ടത്തോട് തീരപ്രദേശത്തെ കടല്‍ഭിത്തി നിര്‍മ്മാണത്തിനെതിരെയുള്ള കോൺഗ്രസ്, മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി മഴവിൽ സഖ്യത്തിന്റെ പ്രതിഷേധം തീരദേശ നിവാസികളെ കടല്‍ക്ഷോഭത്തിലേക്ക് തള്ളിയിടാനുള്ള കുല്‍സിത നീക്കമാണെന്ന ആരോപണവുമായി സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി. പുന്നയൂര്‍ക്കുളം തീരപ്രദേശത്ത് കടല്‍ക്ഷോഭം രൂക്ഷമാകുകയും തീരം കടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് അണ്ടത്തോട് കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നാവശ്യം എന്‍.കെ അക്ബര്‍ എം.എല്‍.എ സര്‍ക്കാറിന് മുമ്പാകെ സമര്‍പ്പിച്ചത്. ഇതുപ്രകാരം 2022-23 വര്‍ഷത്തെ ബജറ്റില്‍ 4.5 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഇറിഗേഷന്‍ വകുപ്പ് പ്രസ്തുത സ്ഥലത്ത് വിശദമായ പഠനം നടത്തിയതിന് ശേഷമാണ് കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന് തീരുമാനമെടുത്തത്. ഇറിഗേഷന്‍ വകുപ്പിന്‍റെ കീഴിലുള്ള കോസ്റ്റൽ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറ് പഠനം നടത്തി കടല്‍ഭിത്തി നിര്‍മ്മിക്കേണ്ട സ്ഥലം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഇപ്പോൾ സമരത്തിലുള്ള
യു.ഡി.എഫ് ജനപ്രതിനിധികൾ അടക്കം പങ്കെടുത്തിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും അംഗങ്ങളുടെയും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസഥരുടെയും ഈ യോഗത്തിലാണ് കടല്‍ഭിത്തി നിര്‍മ്മിക്കേണ്ട സ്ഥലം സംബന്ധിച്ച് തീരുമാനത്തിലെത്തിയത്. ടെണ്ടര്‍ ചെയ്ത് പ്രവര്‍ത്തി നടത്തുന്നതിന് കല്ല് എത്തിക്കുന്ന സാഹചര്യത്തില്‍ കടല്‍ഭിത്തി യാഥാര്‍ത്ഥ്യമാകുകയാണെന്ന് കണ്ട ചിലര്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു. ഇതേ തുടര്‍ന്ന് എം.എല്‍.എയുമായി ഓഫീസില്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ നേരിട്ട് ചര്‍ച്ച നടത്തി ആശങ്ക പരിഹരിക്കുകയും ചെയ്തു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ വിവിധ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന് നിലവില്‍ അനുമതി ലഭിച്ച പ്രദേശത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാനും ബാക്കിയുള്ള പ്രദേശങ്ങളിലേക്ക് കൂടി കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് സര്‍ക്കാറിലേക്ക് പ്രൊപ്പോസല്‍ നല്‍കാനും ധാരണയാവുകയും ചെയ്തു. കടപ്പുറം പഞ്ചായത്തില്‍ 1 കോടി രൂപയുടെ കടല്‍ഭിത്തി നിര്‍മ്മാണ പ്രവര്‍ത്തികളാണ് പൂര്‍ത്തിയാകുന്നത്. ഇത് ഒരു പരിധിവരെ കടല്‍ക്ഷോഭഭീഷണി നേരിടുന്നതിന് സഹായകമായിട്ടുണ്ട്. പുന്നയൂര്‍ക്കുളത്തിന്‍റെയും ഗുരുവായൂരിന്‍റെയും സമഗ്ര വികസനം ചിലരെയെങ്കിലും വിറളിപിടിപ്പിച്ചതിന്‍റെ ഭാഗമാണ് തീരദേശ നിവാസികളെ കടല്‍ക്ഷോഭത്തിലേക്ക് തള്ളിവിട്ട് കഷ്ടത്തിലാക്കുന്നതിനുള്ള പ്രതിഷേധ പരിപാടിയുമായി രംഗത്ത് വന്നിട്ടുള്ളതെന്ന് സി.പി.എം കുറ്റപ്പെടുത്തി. എം.എല്‍. ഫണ്ട് കൂടി പ്രയോജനപ്പെടുത്തി 4.75 കോടി രൂപയുടെ കെട്ടിടമാണ് അണ്ടത്തോട് സ്ക്കൂളില്‍ ഒരുങ്ങുന്നത്. 1.87 കോടി രൂപയുടെ അണ്ടത്തോട് രജിസ്ട്രാര്‍ ഓഫീസ് യാഥാര്‍ത്ഥ്യമായി. കോടികള്‍ ചെലവഴിച്ച് തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികച്ച തദ്ദേശ റോഡുകള്‍, ലക്ഷക്കണക്കിന് രൂപയുടെ സ്മാര്‍ട്ട് അംഗനവാടികള്‍, കോടിക്കണക്കിന് രൂപ ചെലവാക്കി അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം തുടങ്ങി പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ വികസന നേട്ടങ്ങളില്‍ പരിഭ്രാന്തരായവരാണ് പുതിയ രാഷ്ട്രീയ നാടകവുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളത്. തീരത്തെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള കടൽഭിത്തി അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള യു.ഡി.എഫ്, എസ്.ഡി.പി.ഐ, ജമാഅത്ത് ഇസ്ലാമി മഴവിൽ സഖ്യത്തിൻ്റെ കാപട്യം തിരിച്ചറിയണമെന്ന് ഏരിയ സെക്രട്ടറി ശിവദാസൻ അഭ്യർത്ഥിച്ചു.