മംഗളൂരു: മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. തീവ്ര ഹിന്ദു സംഘടന നേതാവിനെ വെട്ടിക്കൊന്നു. ബജ്റംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി ആണ് കൊല്ലപ്പെട്ടത്. സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. കൊലപാതകത്തെ തുടർന്ന് ആശുപത്രിയിലും പരിസരത്തും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മംഗളൂരു നഗരത്തിൽ സുരക്ഷ ശക്തമാക്കി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെടുന്നത്. ഇന്ന് രാത്രി 8.15 ഓടെയാണ് ആക്രമണം നടന്നത്. നാലോ അഞ്ചോ പേരടങ്ങുന്ന സംഘം ഷെട്ടിയെ മാരകായുധങ്ങളുമായി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു . കൊലപാതകത്തിന് ശേഷം ആക്രമികൾ ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു സുഹാസ് ഷെട്ടി. ഫാസിൽ കേസുമായി ബന്ധപ്പെട്ട പശ്ചാത്തലം കണക്കിലെടുത്ത് നഗരത്തിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹിന്ദു സംഘടനകളിൽ നിന്നുള്ള നിരവധി പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി. ബിജെപി നേതാവും മുൻ എംപി നളിൻ കുമാർ കട്ടീലും എംഎൽഎ ഭരത് ഷെട്ടിയും ആശുപത്രി സന്ദർശിച്ചിരുന്നു. അതേസമയം, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും തീവ്രമായ തിരച്ചിൽ നടത്തുകയും ചെയ്യുകയാണ്.