ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിൻ്റെ സവിശേഷതയായ ഉത്സവ കഞ്ഞിയും മുതിര പുഴുക്കും ഉൾപ്പെടുന്ന പ്രസാദ ഊട്ട് വിതരണം തുടങ്ങി. തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ശ്രീഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ഇലയിട്ട പാള പാത്രത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ കഞ്ഞിയും മുതിര ഇടിച്ചക്ക പുഴുക്കും വിളമ്പി. നാളികേര പൂളും ശർക്കരപ്പൊടിയും പിന്നാലെയെത്തി. തുടർന്ന് ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ.പി വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ട് വിളമ്പി നൽകി. ആയിരങ്ങളാണ് പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ എത്തിയത്. ഉത്സവവിശേഷമായ കഞ്ഞിയും മുതിര പുഴുത്തിനും പുറമെ രാവിലെയും വൈകിട്ടും ഉത്സവ പകർച്ചയും ഭക്തർക്ക് നൽകുന്നുണ്ട്. രാവിലത്തെ പകർച്ചയ്ക്ക് രാവിലത്തെ വിഭവങ്ങളും വൈകീട്ട് ചോറ്, രസ കാളൻ, ഓലൻ, പപ്പടം എന്നിവയുമുണ്ടാകും. പ്രസാദ ഊട്ടിനു മാത്രം 3.34 കോടി രൂപയാണ് എസ്റ്റിമേറ്റ്.