Tuesday, February 25, 2025

18 കാരിയായ നവവധുവിന്റെ ആത്മഹത്യ: ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിലായ യുവാവ് തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: നിക്കാഹ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം പതിനെട്ടുകാരി ജീവനൊടുക്കിയതിനു പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അയല്‍വാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കാരക്കുന്ന് സ്വദേശി സജീര്‍ (19) ആണു മരിച്ചത്. ഈ മാസം 3ന് ആമയൂർ റോഡ് പുതിയത്ത് വീട്ടിൽ പരേതനായ ഷർഷ സിനിവറിന്റെ (ഇബ്നു) മകൾ ഷൈമ സിനിവറിനെ (18) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ സജീർ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഇരുവരും  പ്രണയത്തിലായിരുന്നു എന്നാണു വിവരം. ഇന്നു രാവിലെ എടവണ്ണയിലാണു സജീറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൈഞരമ്പ് മുറിച്ചതിനെ തുടർന്നു ചികിത്സയിലായിരുന്ന സജീർ,  വീട്ടിലെത്തിയ ശേഷം ശുചിമുറി കഴുകാനുപയോഗിക്കുന്ന ലായനി എടുത്ത് കുടിച്ച് വീണ്ടും ആശുപത്രിയിലായി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സജീര്‍ ആരുമറിയാതെ ഇവിടെനിന്നു കടന്നുകളഞ്ഞു. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് എടവണ്ണ പുകമണ്ണില്‍ തൂങ്ങിമരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്.

ഷൈമയുടെ സമ്മതമില്ലാതെയാണു ബന്ധുക്കള്‍ നിക്കാഹ് നടത്തിയത്. ഇതിനു പിന്നാലെ ഷൈമ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. പിതാവ് മരിച്ച ശേഷം പിതൃസഹോദരന്‍റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. ജനുവരി അവസാനമായിരുന്നു ഷൈമയുടെ നിക്കാഹ്. മതാചാരപ്രകാരം ചടങ്ങ് നടത്തിയെങ്കിലും ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഷൈമയെ കൂട്ടിക്കൊണ്ടു പോയിരുന്നില്ല. 

നിക്കാഹിനു പെണ്‍കുട്ടിക്കു സമ്മതക്കുറവുണ്ടായിരുന്നു എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും വ്യക്തമായി. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു നിക്കാഹിനു സമ്മതിക്കേണ്ടി വന്നതിലെ വിഷമത്തിലാണ് ഷൈമ ജീവനൊടുക്കിയതെന്നാണു വിവരം. കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌ടു പഠനത്തിനുശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു ഷൈമ സിനിവര്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments