കൊച്ചി: പകുതിവിലക്ക് സ്ത്രീകൾക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തി അറസ്റ്റിലായ അനന്തു കൃഷ്ണന്റെ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഓഡിയോ സന്ദേശം പുറത്ത്. ആരും പുതിയ കേസുകൾ കൊടുക്കരുതെന്നും ജയിലിൽ നിന്നും വന്നാൽ സ്കൂട്ടർ വിതരണം നടത്തുമെന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നു. അറസ്റ്റിലായ ശേഷം തന്നെ കാണാനെത്തിയ സുഹൃത്തിന്റെ ഫോണിൽ നിന്നാണ് അനന്തു കൃഷ്ണൻ ശബ്ദ സന്ദേശം അയച്ചിരിക്കുന്നത്.
കേസ് കൂടിയാൽ തനിക്ക് പുറത്ത് വരാനാവില്ല, ഫണ്ട് റോൾ ചെയ്തപ്പോൾ ഉദ്ദേശിച്ച തുക ലഭിച്ചില്ല, എൻജിഒ കോൺഫെഡറേഷൻ നേതാക്കൾ തന്നെ കൈവിട്ടു, ഒറ്റയ്ക്ക് തനിക്ക് ഉത്തരവാദിത്തം ചുമലിലേൽക്കേണ്ടി വന്നു, ഏഴ് സ്ഥാപനങ്ങൾ സിഎസ്ആർ തരാൻ തയ്യാറാണ് അവരുമായി ചർച്ച നടത്താനിരിക്കുകയാണ്. അതിനിടെയാണ് അറസ്റ്റ് ഉണ്ടായത്. അവിടെ നിന്നും പണം ലഭിക്കും. പുറത്ത് വന്നാൽ ഒരു സമയപരിധിക്കുള്ളിൽ നിങ്ങളുടെ പണവും വാഹനവും നൽകാനാവും അനന്തു കൃഷ്ണന്റെ ശബ്ദസന്ദേശത്തിൽ പറയുന്നു. മൂവാറ്റുപുഴയിൽ മാത്രം 1200 പേർക്കാണ് സ്കൂട്ടർ നൽകാനുള്ളത്. ഏതാണ്ട് 9 കോടിയോളം രൂപ ഇതിനായി വേണം. എന്നാൽ നയാ പൈസ പോലും ഇയാൾക്ക് സിഎസ്ആറിൽ നിന്ന് ഇത്രയും കാലത്തിനിടയിൽ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. മണി ചെയിൻ പോലെയുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. 2019-ൽ ഇടുക്കിയിൽ തട്ടിപ്പ് കേസിൽ അനന്തു കൃഷ്ണൻ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു പുതിയ തട്ടിപ്പ്. നാല് വർഷം കൊണ്ട് പല ഉന്നതരേയും ഇയാൾ തട്ടിപ്പിന് ഇരയാക്കി. കോടികൾ സമ്പാദിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാൾ. സ്കൂട്ടർ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരൻ ഇടുക്കി കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണനെ (26) കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സംസ്ഥാനത്തുടനീളം 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരിൽ പിരിച്ചതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ 1200 സ്ത്രീകളാണ് തട്ടിപ്പിനിരയായതായി പരാതി നൽകിയത്.
വുമൺ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. വാഹനത്തിന്റെ പകുതി തുക അടച്ചാൽ സ്ത്രീകൾക്ക് ടൂവീലറുകൾ നൽകുമെന്നും ബാക്കി പണം കേന്ദ്രസർക്കാർ സഹായമായും വലിയ കമ്പനികളുടേതടക്കം സി.എസ്.ആർ ഫണ്ടായും ലഭിക്കുമെന്നാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്. പണം അടച്ചാൽ 45 ദിവസത്തിനുള്ളിൽ വാഹനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
ടൂവീലറുകൾക്ക് പുറമേ തയ്യൽ മെഷീൻ, ലാപ്ടോപ്പ് തുടങ്ങിയവയും നൽകുമെന്ന് പറഞ്ഞ് സമാനമായ രീതിയിൽ വൻ തട്ടിപ്പാണ് നടത്തിയത്. ഇവയുടെ വിതരണോത്ഘാടനത്തിനായി പല പ്രമുഖരേയും എത്തിച്ചും രാഷ്ട്രീയ നേതാക്കളെ പദ്ധതിയുടെ പിന്നണിക്കാരായി കാണിച്ചും വിശ്വാസം പിടിച്ചുപറ്റിയാണ് തട്ടിപ്പ് നടത്തിയത്.
പണം അടച്ച് 45 ദിവസം കഴിഞ്ഞ് അന്വേഷിക്കാനെത്തിയവരോട് കുറച്ച് ദിവസത്തിനുള്ളിൽ വാഹനം ലഭിക്കുമെന്നാണ് പറഞ്ഞത്. രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം കിട്ടാതായതോടെയാണ് സ്ത്രീകൾ പരാതിയുമായി എത്തിയത്. അനന്തു കൃഷ്ണന് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്. അനന്തു കൃഷ്ണന്റെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം സ്ത്രീകൾ അയച്ചത്.