Friday, January 31, 2025

ഗുരുവായൂർ-തിരുനാവായ റെയിൽ പാത നിർമാണം ഉടൻ ആരംഭിക്കണം; ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ വിവിധ സംഘടന പ്രതിനിധികളുടെ യോഗം ചേർന്നു

ഗുരുവായൂർ: ഗുരുവായൂർ – തിരുനാവായ റെയിൽ പാത നിർമാണം ഉടൻ ആരംഭിക്കണമെന്ന് ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ സംഘടന പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. ഗുരുവായൂരിൽ നിന്ന് പഴനി, മധുര വഴി രാമേശ്വരത്തേക്ക് പുതിയ സർവ്വീസ് അനുവദിക്കുക, കോവിഡിനെ തുടർന്ന് നിറുത്തിവച്ച തൃശൂർ പാസഞ്ചർ ട്രെയിൻ സർവ്വീസ് പുനരാരംഭിക്കുക തുടങ്ങി കാര്യങ്ങളും യോഗം ആവശ്യപ്പെട്ടു. ഇതിനായി പ്രധാനമന്ത്രി, കേന്ദ്ര റെയിൽവേ മന്ത്രി, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി അബ്ദുൾ റഹിമാൻ, എൻ.കെ അക്ബർ എം.എൽ.എ, നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ എന്നിവർക്ക് നിവേദനം നൽകും. റെയിൽവേ സ്റ്റേഷൻ പരിസരത്ത് വർദ്ധിച്ചു വരുന്ന മോഷണങ്ങളും അനാശ്യാസ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും റോട്ടറി ക്ലബ്ബ് സ്ഥാപിച്ച പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പ്രവർത്തനം പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിവിധ സാമൂഹ്യ, സാംസ്‌ക്കാരിക,  വ്യാപാരി,  റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ദൃശ്യ പ്രസിഡണ്ട് കെ. കെ ഗോവിന്ദദാസ് അധ്യക്ഷത വഹിച്ചു. അരവിന്ദൻ പല്ലത്ത്, ആർ രവികുമാർ, ഓ.കെ ആർ മണികണ്ഠൻ, ജി.വി രാമനാഥൻ, പി.എസ് ചന്ദ്രൻ, കെ.ആർ ശശിധരൻ, പി ഗോപാലകൃഷ്ണൻ നായർ,  ചിത്രകാരൻ ഗായത്രി, ബാലൻ വാറനാട്ട് തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments