Wednesday, February 19, 2025

കടുവയെ വെടിവെച്ചിട്ടില്ല; ജഡത്തിലുള്ളത് പഴക്കമുള്ള മുറിവുകള്‍ – ഡോ. അരുണ്‍ സക്കറിയ

വയനാട്: പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയെ ചത്ത നിലയിലാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ. കടുവയെ വെടി വെച്ചിട്ടില്ലെന്നും രാത്രി അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനം അസാധ്യമായിരുന്നുവെന്നും അദ്ദേഹം തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 12.30-ന് കടുവയെ കണ്ടതായി വിവരം ലഭിച്ചു. 2:30 വരെ കടുവയെ നിരീക്ഷിച്ചിരുന്നു. 6.30-നാണ് കടുവയുടെ ജഡം ലഭിക്കുന്നത്.
തിങ്കളാഴ്ച രാവിലെ ഒരു വീടിന്റെ അരികില്‍ നിന്നാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്. വേറൊരു കടുവയുമായി മല്ലിട്ടതിന്റെ പരിക്കുകള്‍ കടുവയുടെ ശരീരത്തിലുണ്ട്. മരണപ്പെട്ടത് ആളെക്കൊല്ലി കടുവയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

അധികം പ്രായമില്ലാത്ത കടുവയാണിത്, ഏറിയാല്‍ ആറോ ഏഴോ വയസ് കാണുമെന്നും അദ്ദേഹം പറഞ്ഞു. മരണകാരണം മറ്റു കടുവയുമായി അടികൂടിയുണ്ടായ മുറിവുകളാണെന്ന് പ്രാഥമികമായി പറയാം. പഴക്കമുള്ള മുറിവുകളും ശരീരത്തിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ കഴിയൂവെന്നും ഡോ. അരുണ്‍ സക്കറിയ വ്യക്തമാക്കി.

രാത്രി തന്നെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ സംഘമെത്തിയിരുന്നുവെന്ന് സിസിഎഫ് ദീപ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാവിലെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കുകയുള്ളൂവെന്നും കടുവയെ വെടിവെച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments