വടക്കേക്കാട്: വെള്ളംകുടി മുട്ടിച്ച് വാട്ടർ അതോറിറ്റി; മന്ദലാംകുന്ന് – കൊച്ചന്നൂർ റോഡിൽ വടക്കേക്കാടിന്നുള്ളിൽ പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാകുന്നത് മൂന്നിടങ്ങളിൽ. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇവിടെ പഴയ പൈപ്പ് മാറ്റി പുതിയത് പുനസ്ഥാപിക്കുന്ന പ്രവർത്തികൾ തുടങ്ങിയിട്ട് മാസങ്ങളായി. ഇതിന്റെ ഭാഗമായി കൊച്ചന്നൂർ റോഡാരുകിൽ ചാലു കീറി പൈപ്പുകൾ പുനസ്ഥാപിച്ചിരുന്നു. എന്നാൽ ഇവ പരസ്പ്പരം ബന്ധിപ്പിച്ചിരുന്നില്ല. ഇതിനായി വീണ്ടും കുഴി എടുക്കുന്ന സമയങ്ങളിലാണ് പലയിടങ്ങളിലും പഴയ പൈപ്പുകൾ പൊട്ടുന്നത്. കല്ലിങ്ങൽ സെന്റർ, കല്ലിങ്ങൾ നിസ്കാര പള്ളി വളവ്, കൊച്ചന്നൂർ എന്നിവിടങ്ങളിലാണ് പ്രധാന ശുദ്ധ ജല പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് വെള്ളം പാഴായി കൊണ്ടിരിക്കുന്നത്. ഇത് മൂലം ആഴ്ചയിൽ ഒരിക്കൽ മാത്രം കുറഞ്ഞ സമയങ്ങളിൽ പമ്പ് ചെയ്യുന്ന കുടിവെള്ളം കിട്ടാതെ വരികയും ഇതിനെ ആശ്രയിച്ചു കഴിയുന്ന പല വീട്ടുകാരും വളരെയധികം ബുദ്ധിമുട്ടിലുമാണ് കഴിയുന്നത്. കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന ഒരു മേഖല കൂടിയാണിത്. ഇത്തരത്തിൽ പമ്പ് ചെയ്യുന്ന വെള്ളം വലിയ പാത്രങ്ങളിൽ ശേഖരിച്ചാണ് പല കുടുംബവും ദാഹമകറ്റുന്നത്. എന്നാൽ വെള്ളം പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് മൂലം ടാപ്പുകളിൽ കണ്ണുനീർ കണക്കേയാണ് വെള്ളം ലഭിക്കുന്നത്. ഇതുമൂലം ആവശ്യത്തിന് ശേഖരിക്കാനുള്ള വെള്ളവും ലഭിക്കുന്നില്ല. എത്രയും പെട്ടെന്ന് അധികൃതർ പ്രശ്നപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.