തൃശ്ശൂർ : അസം സ്വദേശിയായ അഞ്ചുവയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ ആക്രമിച്ചുപരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ബന്ധുവായ യുവാവ് കുറ്റക്കാരൻ. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. 2023 മാർച്ച് 30-നു മുപ്ലിയത്തുള്ള ഐശ്വര്യ കോൺക്രീറ്റ് ഇഷ്ടിക കമ്പനിയിലാണ് കൊലപാതകം നടന്നത്. അസമിലെ നഗോൺ തമാലിടുപ് സ്വദേശിയും മുപ്ലിയത്തെ ഇഷ്ടിക ഫാക്ടറിയിലെ ജീവനക്കാരുമായിരുന്ന ബഹാരുൾ-നജ്മ ഖാത്തൂൺ ദമ്പതിമാരുടെ മകൻ നജുറുൾ ഇസ്‌ലാം ആണ് വെട്ടേറ്റ് മരിച്ചത്. നജ്മയുടെ മാതാവിന്റെ ചേച്ചിയുടെ മകനാണ് പ്രതി ജമാൽഹുസൈൻ.
ഇഷ്ടികക്കന്പനിയോട് ചേർന്നാണു കുടുംബം താമസിച്ചിരുന്നത്. സംഭവം നടക്കുന്നതിന്റെ തലേന്നാണ് ജമാൽഹുസൈൻ ഇവിടേക്കെത്തുന്നത്. നാട്ടിലെ സ്വത്തുതർക്കംമൂലം നജ്മയോടും കുടുംബത്തോടും ഇയാൾക്ക് വൈരമുണ്ടായിരുന്നു. അതു പുറത്തുകാണിക്കാതെ നജ്മയോടും കുടുംബത്തോടുമൊപ്പം രാത്രി അവിടെ കഴിഞ്ഞു. പിറ്റേന്ന് രാവിലെ ഏഴിന് ബഹാരുളും മറ്റു പണിക്കാരും ജോലിക്കായി ഫാക്ടറിയിൽ കയറിയ ഉടനെയായിരുന്നു ആക്രമണം.
അടുക്കളയിൽ ജോലിയിലായിരുന്ന നജ്മയെ ചക്ക വെട്ടാനായി വെച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിലും കൈകളിലും മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. അടുത്തിരുന്ന് ഭക്ഷണം കഴിച്ചിരുന്ന അഞ്ചുവയസ്സുകാരൻ നജുറുൾ ഇസ്‌ലാമിനെ കഴുത്തിൽ വെട്ടി കൊലപ്പെടുത്തി. ആക്രമണത്തിൽ നജ്മയുടെ വിരൽ അറ്റുപോയി. രണ്ടു കൈയും ഒടിഞ്ഞു. തലയിൽ മാരകമായി പരിക്കേറ്റു. കുട്ടി വെട്ടേറ്റയുടൻ മരിച്ചു.
ഇതിനുശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഫാക്ടറിയിലെ ജോലിക്കാരും മറ്റും ചേർന്ന് പിടികൂടി കെട്ടിയിട്ട് പോലീസിൽ ഏൽപ്പിച്ചു. വരന്തരപ്പിള്ളി പോലീസ് പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കിയ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സി.ഐ. എസ്. ജയകൃഷ്ണൻ ആയിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു എന്നിവർ ഹാജരായി.