വടക്കേക്കാട്: വടക്കേക്കാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ് വി.കെ ഫസലുൽ അലിക്കെതിരെ നൽകിയ പരാതി തള്ളി കൊണ്ട് ഹൈക്കോടതി ഉത്തരവ്. ബാങ്ക് പ്രസിഡൻ്റായിരിക്കെ വായ്പക്കാരിൽ നിന്നും 20 രൂപ വീതം പിരിച്ചെടുത്ത് ചാരിറ്റി പ്രവർത്തനത്തിൻ്റെ ആവശ്യത്തിലേക്കായി ഫസലുൽ അലി സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതിനെതിരെ വടക്കേക്കാട് സ്വദേശി പ്രേമരാജനും സർക്കാറും വെവ്വേറെ നൽകിയ പരാതിയാണ് കേരള ഹൈക്കോടതി തള്ളിയത്. ഇരു കൂട്ടരും ബോധിപ്പിച്ച അപ്പീലുകളിൽ യാതൊരു തെളിവും ഇല്ലെന്നും സംഘം പ്രസിഡണ്ട് യാതൊരു നിയമ വിരുദ്ധ പ്രവർത്തികളും ചെയ്തിട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തി. നേരത്തെ ബോർഡ് അംഗങ്ങളെ ഒഴിവാക്കി സംഘം പ്രസിഡന്റിന്റെ പേരിൽ മാത്രം പ്രേമരാജൻ തൃശൂർ വിജിലൻസ് ഡിപ്പാർട്‌മെൻ്റിൽ നൽകിയ പരാതിയിൽ വിജിലൻസ് എൻക്വറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നെങ്കിലും എന്നാൽ കേസ്സ് പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ല എന്ന കാരണത്താൽ തൃശ്ശൂർ വിജിലൻസ് കോടതി വിചാരണ കൂടാതെ ബാങ്ക് പ്രസിഡന്റ് ഫസലു അലിയെ കേസിൽ നിന്നും ഒഴിവാക്കിയിരുന്നു.