ഗുരുവായൂർ: മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശിയായ യുവാവിന് വൈദ്യുതി ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റു. മധുര സ്വദേശി രാജ്കുമാറി(34)നാണ് പൊള്ളലേറ്റത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഇയാൾ ടെമ്പിൾ പോലീസ് സ്റ്റേഷന് സമീപമുള്ള ട്രാൻസ്ഫോർമറിന്റെ സുരക്ഷ ഗ്രില്ലിന് മുകളിൽ കയറി എച്ച്.ടി വൈദ്യുതി ലൈനിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് നിലത്തുവീണ ഇയാൾ എഴുന്നേറ്റ് മുകളിൽ കയറി വീണ്ടും ലൈനിൽ പിടിച്ചു. സുരക്ഷാ ഗ്രില്ലിനുള്ളിൽ വീണ ഇയാളെ സംഭവം കണ്ട നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് ജീപ്പിൽ ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ഇയാളെ മധുരയിൽ എത്തിച്ചു. വലത് കൈ മുട്ടിനു താഴെ പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ രണ്ട് ദിവസമായി ഗുരുവായൂർ ക്ഷേത്ര പരിസരത്ത് കറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു.